റയൽ തോല്‍ക്കും! കിരീടസാധ്യതയെക്കുറിച്ച് സുവാരസ്

Image 3
FeaturedFootball

ലാലിഗയിലെ ബാക്കിയുള്ള മുഴുവൻ മത്സരങ്ങളും ജയിച്ചു കിരീടസാധ്യത നിലനിർത്താനുള്ള ശ്രമത്തിലാണ് സുവാരസും സംഘവും. എസ്പാന്യോളുമായുള്ള ജയത്തിനു ശേഷം റയൽ മാഡ്രിഡുമായുള്ള അകലം ഒരു പോയിന്റാക്കി കുറച്ചെങ്കിലും ശനിയാഴ്ച അലാവെസുമായുള്ള കളിയിൽ റയലിന് വിജയം നേടാനായാൽ നാലു പോയിന്റകലത്തിൽ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ അവർക്ക് കഴിഞ്ഞേക്കും.

ഇനി വരുന്ന മത്സരത്തിൽ ബാഴ്‌സക്ക് വിജയം അനിവാര്യമാണെന്നും റയൽ മാഡ്രിഡ്‌ തോൽവിയറിയുമെന്നുമാണ് ബാർസലോണ സ്‌ട്രൈക്കർ ലൂയിസ് സുവാരസിന്റെ പ്രതീക്ഷ. എസ്പാന്യോളുമായിട്ടുള്ള മത്സരശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മത്സരത്തിലെ ഏക വിജയഗോൾ നേടിയ സുവാരസ് എസ്പാന്യോളുമായി പ്രയാസമേറിയ മത്സരമാണ് നടന്നതെന്നും പറഞ്ഞു.

“വിയ്യാറയലുമായുണ്ടായ മത്സരത്തിന്റെ ക്ഷീണമുണ്ടായിരുന്നു. അത് ഞങ്ങളുടെ മത്സരത്തിൽ പ്രതിഫലിച്ചിരുന്നു. എസ്പാന്യോളിന്റെ സാഹചര്യം ഞങ്ങൾക്കറിയാവുന്നതായിരുന്നു. അതുകൊണ്ട് തന്നെ മത്സരം പ്രയാസമേറിയതായിരിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എങ്കിലും പ്രധാനപ്പെട്ട കാര്യം ഞങ്ങൾ വിജയിച്ചുവെന്നത് തന്നെയാണ് ” സുവാരസ് അഭിപ്രായപ്പെട്ടു.

വിയ്യാറലുമായുള്ള മത്സരത്തിലുപയോഗിച്ച അതെ ലൈനപ്പാണ് കികെ സെറ്റിയൻ എസ്പാന്യോളിനെതിരെയും ഉപയോഗിച്ചത്. ബാഴ്‌സയുടെ ഇപ്പോഴത്തെ പ്രകടനമനുസരിച് സെറ്റിയനു നല്ല സമ്മർദ്ദമുണ്ടെങ്കിലും കളിക്കാരെല്ലാം പരിശീലകന് പിന്തുണക്കുന്നുണ്ടെന്നു സുവാരസ് അഭിപ്രായപ്പെട്ടു.

കോച്ചാണ് എല്ലാം തീരുമാനിക്കുന്നതെന്നും ഞങ്ങളുടെയെല്ലാം പിന്തുണയുണ്ടെന്നും സുവാരസ് കൂട്ടിച്ചേർത്തു.