; )
സൂപ്പർ താരം ലയണൽ മെസി ബാഴ്സയിൽ തന്നെ തുടരുമെന്ന് പരസ്യമായി അറിയിച്ചിരിക്കുകയാണ്. ബാഴ്‌സയോടുള്ള സ്നേഹവും ആരാധനയും ക്ലബ്ബ് വിട്ടാലും ഉണ്ടാവുമെന്ന് മെസി അറിയിച്ചിരുന്നു. എന്നാൽ മെസിയുടെയും ബാഴ്സയുടെയും ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് തന്റെ അഭിപ്രായം വെളിപ്പെടുത്തിരിക്കുകയാണ് മുൻ ബാഴ്സ പരിശീലകനും നിലവിൽ സ്പെയിനിന്റെ പരിശീലകനുമായ ലൂയിസ് എൻറികെ.
വ്യക്തികളേക്കാൾ വലുതായിരിക്കണം ക്ലബ്ബുകളെന്നാണ് എൻറികെയുടെ പക്ഷം. ഒരിക്കൽ മെസി ബാഴ്സ വിട്ട് പോവേണ്ടയാളാണെന്നും അതിനാൽ മെസിയില്ലാത്ത സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ബാഴ്സ തയ്യാറാവണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. മെസിയും ക്ലബും തമ്മിൽ ഇങ്ങനെ സംഭവിച്ചതിൽ ദുഃഖമുണ്ടെന്നും എൻറികെ വെളിപ്പെടുത്തി. യുവേഫ നേഷൻസ് ലീഗിൽ സ്പെയിനിനൊപ്പം അടുത്ത മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് എൻറികെ.
Lucho's opinion on the Messi situation https://t.co/AOcQHtbSyA
— SPORT English (@Sport_EN) September 5, 2020
“വ്യക്തികളെക്കാൾ വലുതാണ് ക്ലബുകൾ എന്നാണ് എനിക്ക് തോന്നുന്നത്. ഒട്ടേറെ കിരീടങ്ങൾ നേടിയ ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണ് ബാഴ്സലോണ. ബാഴ്സയെ വളരാൻ നല്ല രീതിയിൽ സഹായിച്ച താരമാണ് മെസി. അതിന് ക്ലബ് മെസിയോട് നന്ദി പറയുകയും വേണം. അവർ തമ്മിൽ ഒരു പരസ്പരധാരണയിൽ പോകുന്നതാണ് എനിക്കിഷ്ടം.”
“എന്നെങ്കിലും ഒരിക്കൽ ബാഴ്സയിൽ കളി നിർത്തേണ്ട ആളാണ് മെസി. അതുകൊണ്ടു തന്നെ മെസിയുടെ വിടവാങ്ങൽ നല്ല രീതിയിലും സൗഹൃദപരമായും അവസാനിക്കുന്നതാണ് നല്ലത്. പക്ഷെ അടുത്തിടെ സംഭവിച്ച കാര്യങ്ങളിൽ എനിക്ക് സഹതാപം തോന്നുന്നു. ഒരു മികച്ച താരത്തെ ഇങ്ങനെയല്ല നാം കാണാൻ ആഗ്രഹിക്കുന്നത്. ബാഴ്‌സ മെസിയില്ലെങ്കിലും വിജയങ്ങൾ നേടാൻ പഠിക്കണം. മെസി പോയാലും മികവ് പുലർത്താനാണ് ബാഴ്സയുടെ ഭാഗത്തു നിന്നും ശ്രമം വേണ്ടത്.” എൻറികെ ചൂണ്ടിക്കാണിച്ചു.