ആരുടെയും പിൻഗാമിയല്ല അൻസു ഫാറ്റി, മെസിയുമായുള്ള താരതമ്യത്തേക്കുറിച്ച് ലൂയിസ് എൻറിക്കെ

Image 3
FeaturedFootballInternational

ബാഴ്സലോണയിൽ  ഈ സീസണിൽ മിന്നും പ്രകടനമാണ് അൻസു ഫാറ്റിയെന്ന പതിനേഴുകാരൻ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനകം തന്നെ സൂപ്പർതാരം ലയണൽ മെസിയുമായി താരതമ്യം തുടങ്ങിക്കഴിഞ്ഞു.17 വയസ്സിനുള്ളിൽ മെസിയെക്കാൾ മികച്ച തുടക്കമാണ് അൻസു ഫാറ്റിക്കു ലഭിച്ചതെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

എന്നാൽ അൻസു ഫാറ്റിയെ മെസിയുടെ പിൻഗാമിയായി താൻ കരുതുന്നില്ലെന്നാണ്  സ്പെയിൻ പരിശീലകൻ ലൂയിസ് എൻറികെയുടെ അഭിപ്രായം. പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, യുക്രൈൻ എന്നിവർക്കെതിരെയുള്ള മത്സരങ്ങൾക്കുള്ള സ്പാനിഷ് സ്‌ക്വാഡിനെ തിരഞ്ഞെടുത്തതിനു  ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അൻസു ഫാറ്റി അൻസു ഫാറ്റിയുടെ തന്നെ പിൻഗാമിയാണ്. സ്വന്തം കഴിവുകളിൽ ഉറ്റു നോക്കി, മിതത്വം പാലിച്ച് നന്നായി അധ്വാനിക്കുകയാണ് താരം ചെയ്യേണ്ടത്. കുടുംബത്തിന്റെയും ഫുട്ബോളിൽ വളരെ പരിചയസമ്പത്തുള്ളവരുടെയും നിർദ്ദേശങ്ങൾ താരം പിന്തുടരണം.”

“ഫാറ്റിയുടെ  കലിയിലെ സാങ്കേതിക മികവാണ് ശ്രദ്ധിക്കപ്പെടേണ്ടത്. ഉയരം കുറവാണെങ്കിലും താരത്തിന് മികച്ച രീതിയിൽ ഹെഡ് ചെയ്യാൻ കഴിയും. മത്സരത്തിന്റെ ഒഴുക്കിനെ നല്ല രീതിയിൽ മനസിലാക്കാനും ടീമിനൊപ്പം ഒരുമിച്ചു നിന്നു പ്രവർത്തിക്കാനും താരത്തിനു സാധിക്കും.” എൻറിക്വ അഭിപ്രായപ്പെട്ടു.