നീളം കൂടിയ പുല്ലാണ് ലിവർപൂളിനെ ചതിച്ചത്, വിചിത്രവാദവുമായി ലിവർപൂൾ ഇതിഹാസം

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിന് രണ്ടിനെതിരെ ഏഴു ഗോളിന്റെ തോൽവിയാണു ആസ്റ്റൺവില്ലയോട് ഏറ്റുവാങ്ങേണ്ടിവന്നത്. അദ്ധ്യാപകുതിയിലെ ഒല്ലി അറ്റ്കിൻസിന്റെ ഹാട്രിക് പ്രകടനവും ജാക്ക് ഗ്രീലിഷിന്റെ ഇരട്ട ഗോൾ പ്രകടനവുമാണ് ആസ്റ്റൺവില്ലക്ക് മിന്നും ജയം നേടിക്കൊടുത്തത്.
എന്നാൽ ലിവർപൂളിന്റെ ഈ ദയനീയ തോൽവിയിൽ വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ലിവർപൂൾ ഇതിഹാസതാരം ഗ്രേയം സൂനസ്. ആസ്റ്റൺ വില്ല ഗ്രൗണ്ടിലെ നീളമേറിയ പുല്ലാണ് ലിവർപൂളിന് ചതിച്ചതെന്നാണ് സൂനസിന്റെ വാദം. ഒപ്പം ഇത്തരത്തിൽ ഗ്രൗണ്ട് തയ്യാറാക്കിയ ഗ്രൗണ്ട്സ്മാനെതിരെയും സൂനസ് ആരോപണമുന്നയിച്ചു.
Liverpool legend Graeme Souness blames the grass for the Reds' poor performance at Aston Villa 🤨 pic.twitter.com/PPXjCMzcBZ
— GOAL (@goal) October 5, 2020
“വില്ലയെക്കുറിച്ച് പറയുകയാണെങ്കിൽ രണ്ട് ടീമുകൾക്കും ഇക്കാര്യം ഒരു പോലെയാണെങ്കിലും എനിക്കു തോന്നുന്നത് ലിവർപൂളിന്റെ മുന്നേറ്റങ്ങളുടെ വേഗം കുറക്കാൻ അവർ മൈതാനത്തെ പുല്ലിന്റെ നീളം സാധാരണത്തെതിനേക്കാൾ കുറക്കാതിരുന്നതുകൊണ്ടാണെന്നാണ്. എല്ലാ മികച്ച ടീമുകൾക്കും ആവശ്യം നീളംകുറഞ്ഞ പുല്ലുള്ള മൈതാനങ്ങളാണ്. വേഗംകൂടിയ ഗ്രൗണ്ടുകൾ. ഇതൊരിക്കലും വേഗമേറിയ ഗ്രൗണ്ടായി എനിക്ക് തോന്നിയില്ല. ” സ്കൈ സ്പോർട്സ് പണ്ഡിറ്റായ സൂനസ് വ്യക്തമാക്കി.
എന്നാൽ വിലകുറഞ്ഞ ആരോപണങ്ങൾക്കെതിരെ വില്ലയുടെ ഗ്രൗണ്ട് പരിപാലിക്കുന്ന സ്റ്റാഫുകളിലൊരാളായ എഡ്ഢി മിൽസ് സോഷ്യൽ മീഡിയയിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. വിദ്യാഭ്യാസമില്ലാത്ത ആളുകൾ പ്രതികരിക്കുന്നത് പോലെയാണ് സൂനസിന്റെ ആരോപണമെന്നാണ് മിൽസ് ട്വിറ്ററിൽ കുറിച്ചത്. കൂടാതെ രാജ്യത്തെ ഹൃദയവും ആത്മാവും നൽകി ജോലിചെയ്യുന്ന ഗ്രൗണ്ടസ്മാന്മാരെ അപമാനിക്കുകയാണ് സൂനസ് ചെയ്തതെന്നും മിൽസ് ആരോപിച്ചു.