ആ മാറ്റം ഫുട്ബോളിനെ നശിപ്പിക്കുന്നു; ഫിഫ നിയമങ്ങൾക്കെതിരെ ലിവർപൂൾ സൂപ്പർതാരം

വാർ ഫുട്ബോളിനെ നശിപ്പിക്കുന്നുവെന്ന് ലിവർപൂളിന്റെ സ്പാനിഷ് മിഡ്ഫീൽഡർ തിയാഗോ. പുതിയ കാലത്തെ ഫുട്ബോളിനേക്കാൾ പഴയകാലം സുന്ദരമായിരുന്നുവെന്നും തിയാഗോ പറയുന്നു.

ക്രിക്കറ്റിലെ റിവ്യൂ സിസ്റ്റത്തിന് സമാനമായി റഫറിയുടെ തീരുമാനം ക്യാമറകളുടെ സഹായത്തോടെ പുനഃപരിശോധിക്കാനുള്ള സംവിധാനമാണ് വാർ. നടപ്പാക്കിയ കാലം തൊട്ട് വിവാദങ്ങൾക്കും തിരികൊളുത്തിയ വാർ സിസ്റ്റത്തെ എതിർക്കുന്ന ഫുട്ബോൾ താരങ്ങളും പണ്ഡിതന്മാരും കുറവല്ല.

കളിക്കാർ ഗ്രൗണ്ടിൽ തെറ്റുകൾ വരുത്താറില്ലേ? റഫറിമാരുടെ തെറ്റുകളും അങ്ങനെ കണ്ടാൽ മതി. അതിനു പകരം വാർ വരുന്നതോടെ നമ്മൾ മൈതാനമധ്യത്തിൽ നിന്നും ഒരു ഗോൾ നേടിയാൽ പോലും ആഘോഷിക്കാൻ കഴിയാതെ വരും. വാർ വിളിക്കുന്നതോടെ ഓഫ് സൈഡൊ, ഫൗളോ സംഭവിച്ചോ എന്നറിയാതെ ഏതാനും മിനിറ്റുകൾ നമ്മൾ മുൾമുനയിലാവും.

വാർ അനാവശ്യമായ കാലതാമസം ഉണ്ടാക്കുകയും ഇത് ഫുട്ബാളിന്റെ ആസ്വാദനത്തെ  കാര്യമായി തന്നെ ബാധിക്കുകയും ചെയ്യുന്നുണ്ട്. അതിനാലാണ് തുടക്കകാലം മുതൽ വാറിനെ എതിർക്കുന്നത്. ഗാര്ഡിയന് നൽകിയ അഭിമുഖത്തിൽ തിയാഗോ പറയുന്നു.

കൂടാതെ പുതിയ കാലത്തെ ഫുട്ബോൾ കളിക്കാരുടെ കളിമികവിനേക്കാൾ വേഗതക്ക് പ്രാധാന്യം നൽകുന്ന രീതിയിലേക്ക് മാറിപ്പോയെന്നും തിയാഗോ പരിഭവിക്കുന്നു. എന്നും പഴയകാല ഫുട്ബോളിന്റെ ആരാധകനാണ് താൻ. കളിക്കാരുടെ മാന്ത്രികത പുതിയകാലത്തെ ഫുട്ബോളിൽ നഷ്ടപ്പെടുന്നുവെന്നും തിയാഗോ കൂട്ടിച്ചേർത്തു.

You Might Also Like