അഡ്രിയാൻ ദുരന്തമായി, അർജന്റൈൻ ഗോൾകീപ്പർക്കായി ശ്രമമരംഭിച്ച് ലിവർപൂൾ

Image 3
EPLFeaturedFootball

ആസ്റ്റൺ വില്ലയോടേറ്റ ഏഴു ഗോളിന്റെ ദയനീയ തോൽവിക്കു ശേഷം ഗോൾകീപ്പർ സ്ഥാനത്തേക്ക് പകരക്കാരനു വേണ്ടി ശ്രമമാരംഭിച്ചിരിക്കുകയാണ് ലിവർപൂൾ. സൂപ്പർതാരം അലിസൺ ബെക്കറിനു പരിക്കു മൂലം ആറാഴ്ചയിലധികം പുറത്തിരിക്കേണ്ടി വരുന്നതും രണ്ടാം കീപ്പറായ അഡ്രിയാൻ മോശം പ്രകടനം തുടരുന്നത്തോടെയാണ് പുതിയ ഗോൾകീപ്പർക്കായി ട്രാൻസ്ഫർ ജാലകം അടക്കും മുമ്പേ ലിവർപൂൾ ശ്രമമാരംഭിച്ചിരിക്കുന്നത്.

അതിനായി ടോട്ടനത്തിന്റെ അർജന്റൈൻ ഗോൾകീപ്പർ പൗലോ ഗസാനിഗയെയാണ് ലിവർപൂൾ നോട്ടമിട്ടിരിക്കുന്നത്. ഇരുപത്തിയെട്ടുകാരനായ താരം മൂന്നാം ഗോൾകീപ്പറായാണ് ടോട്ടനത്തിൽ തുടരുന്നത്. എന്നാൽ മുൻ സിറ്റി ഗോൾകീപ്പറായ ജോ ഹാർട്ടിനു വേണ്ടി ടോട്ടനം ശ്രമമാരംഭിച്ചതോടെ ഗസാനിഗ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.

കഴിഞ്ഞ സീസണിൽ ഒന്നാം നമ്പർ ഗോൾകീപ്പർ ഹുഗോ ലോറിസിന്റെ കൈമുട്ടിനേറ്റ പരിക്കിന് ശേഷം പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം കാഴ്ച വെക്കാൻ ഗസാനിഗക്ക് സാധിച്ചിരുന്നു. എന്നാൽ ഈ ട്രാൻസ്ഫർ ജാലകത്തിൽ താരത്തിനു പുറത്തേക്കുള്ള വഴിയാണ് ടോട്ടനം മുന്നോട്ടുവെച്ചിരിക്കുന്നത്.

ടോക്ക്സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ലിവർപൂളിനൊപ്പം എവർട്ടണും അര്ജന്റൈൻ താരത്തിനായി രംഗത്തുണ്ടെന്നാണ്. രണ്ടു ടീമുകളും പുതിയ സീസണിൽ താരത്തിനു ആദ്യ ഇലവനിൽ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലിവർപൂൾ താരത്തിനായി ടോട്ടനവുമായി ചർച്ചകൾ നടക്കുന്നുവെന്നാണ് അറിയാനാകുന്നത്. ട്രാൻസ്ഫർ ജാലകം അടക്കും മുൻപ് തന്നെ താരവുമായി കരാറിലെത്താനാണ് ലിവർപൂൾ ശ്രമിക്കുന്നത്.