ഹാട്രിക്ക് അസിസ്റ്റുമായി സലാ, മാഞ്ചസ്റ്റർ യുണൈറ്റഡിനു മേൽ സമ്മർദ്ദം വർധിപ്പിച്ച് ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മികച്ച വിജയവുമായി ലിവർപൂൾ. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ലൈസ്റ്റർ സിറ്റിയെയാണ് ലിവർപൂൾ കീഴടക്കിയത്. മൊഹമ്മദ് സലാ മൂന്നു ഗോളുകൾക്ക് വഴിയൊരുക്കിയ മത്സരത്തിൽ കുർട്ടിസ് ജോൺസ്‌ രണ്ടു ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ അലക്‌സാണ്ടർ അർണോൾഡിന്റെ വകയായിരുന്നു.

കളി തുടങ്ങി അര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ മൂന്നു മിനുട്ടിന്റെ വ്യത്യാസത്തിൽ മധ്യനിര താരമായ കുർട്ടിസ് ജോൺസ് ലിവർപൂളിനു വേണ്ടി രണ്ടു ഗോൾ നേടിയിരുന്നു. മത്സരം ലൈസ്റ്റർ സിറ്റിയുടെ മൈതാനത്താണ് നടന്നതെങ്കിലും ആധിപത്യം സ്ഥാപിച്ചത് ലിവർപൂൾ ആയിരുന്നു. ഇതേതുടർന്ന് ആദ്യപകുതി കഴിഞ്ഞപ്പോൾ ആരാധകർ ടീമിനെ കൂക്കി വിളിക്കുകയും ചെയ്‌തു.

രണ്ടാംപകുതിയിലും ലിവർപൂൾ തന്നെയാണ് ആധിപത്യം പുലർത്തിയത്. റൈറ്റ് ബാക്ക് പൊസിഷനിൽ നിന്നും മധ്യനിരയിലേക്ക് പരിവർത്തനം ചെയ്‌ത്‌ കളിച്ച് മികച്ച പ്രകടനം നടത്തുന്ന അലക്‌സാണ്ടർ അർണോൾഡ് എഴുപത്തിയൊന്നാം മിനുട്ടിൽ മറ്റൊരു ഗോൾ കൂടി നേടിയതോടെ ലൈസ്റ്ററിന്റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു.

മൊഹമ്മദ് സലാ മൂന്നു ഗോളുകൾക്കും വഴിയൊരുക്കി താനിപ്പോഴും അതിഗംഭീര ഫോമിലാണെന്ന് തെളിയിച്ചു. മൂന്ന് അസിസ്റ്റുകൾ സ്വന്തമാക്കിയതോടെ പ്രീമിയർ ലീഗ് ഇതിഹാസങ്ങളായ എറിക് കന്റോണ, പോൾ സ്‌കോൾസ്, ദ്രോഗ്ബ, ഓസിൽ, ഹസാർഡ്, മാട്ട തുടങ്ങിയ താരങ്ങളേക്കാൾ അസിസ്റ്റ് ഇപ്പോൾ സലായുടെ പേരിലുണ്ട്.

മത്സരത്തിൽ വിജയം നേടിയതോടെ ടോപ് ഫോറിനായി മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ എന്നിവർക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ലിവർപൂളിന് കഴിഞ്ഞു. ഇനി ലിവർപൂളിന് രണ്ടും മറ്റു ടീമുകൾക്ക് മൂന്നും മത്സരങ്ങൾ കളിക്കാൻ ബാക്കി നിൽക്കെ ടീമുകൾ തമ്മിൽ ഒരു പോയിന്റ് വ്യത്യാസം മാത്രമേയുള്ളു. മറ്റു ടീമുകൾ രണ്ടു മത്സരങ്ങളിൽ വിജയം കൈവിട്ടാൽ ലിവർപൂൾ ടോപ് ഫോറിലേക്ക് വരും.

You Might Also Like