ഒന്നാമനാരാകും? ആവേശം കൊടുമുടിയിലാക്കി ലിവർപൂൾ-യുണൈറ്റഡ് പോരാട്ടം ഇന്ന്‌.

Image 3
EPLFeaturedFootball

കാലങ്ങൾക്കു ശേഷം ടേബിളിൽ ഒന്നാമതെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡും രണ്ടാം സ്ഥാനത്തുള്ള ലിവർപൂളും തമ്മിലുള്ള വമ്പൻ പോരാട്ടത്തിന് വേദിയാവുകയാണിന്ന്. ലിവർപൂളിൻ്റെ തട്ടകമായ ആൻഫീൽഡിൽ വെച്ച് ഇന്നു രാത്രി പത്തു മണിക്കാണ് മത്സരം നടക്കുന്നത്. വെറും മൂന്നു പോയിൻ്റിൻ്റെ വ്യത്യാസം മാത്രമാണ് ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ളതെന്നത് മത്സരത്തെ കൂടുതൽ ആവേശകരമാക്കുന്നുണ്ട്.

യുണൈറ്റഡിനെതിരെ ആധികാരിക വിജയം സ്വന്തമാക്കാനായാൽ കൈവിട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ക്ലോപ്പിൻ്റെ ലിവർപൂളിനു സാധിച്ചേക്കും. പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ സതാംപ്ടനെതിരെ ഒരു ഗോളിനു തോൽവി രുചിക്കേണ്ടി വന്നത് ലിവർപൂളിനെ പ്രതിരോധത്തിലാക്കിയെങ്കിലും അടുത്തിടെ നടന്ന ആസ്റ്റൺ വില്ലക്കെതിരായ എഫ്എ കപ്പ്‌ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളിന്റെ വിജയം നേടാനായത് ലിവർപൂളിന് ആത്മവിശ്വാസം നൽകിയിട്ടുണ്ട്.

മധ്യനിരയിൽ ബ്രൂണോ ഫെർണാണ്ടസിന്റെ തകർപ്പൻ പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനു ഈ സീസണിൽ ഏറ്റവും ഊർജം നൽകുന്ന ഒന്ന്. ഡിസംബറിലെ പ്ലേയർ ഓഫ് ദി മന്ത് പുരസ്കാരം നേടിയ ബ്രൂണോക്കൊപ്പം മധ്യനിരയിൽ പോൾ പോഗ്ബയും ഫോമിലേക്ക് തിരിച്ചെത്തിയതും യുണൈറ്റഡിനു ലിവർപൂളിനു മേൽ ആധിപത്യം നൽകുന്നുണ്ട്. ബേൺലിക്കെതിരായ പ്രീമിയർ ലീഗിലെ അവസാനമത്സരത്തിലെ വിജയത്തിൽ കൂടുതൽ ഗോളുകൾ കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും ലിവർപൂളിൻ്റ യുവപ്രതിരോധനിരക്കെതിരെ മികച്ച ആക്രമണം അഴിച്ചുവിടാനായിരിക്കും യുണൈറ്റഡിൻ്റെ പദ്ധതി.

പ്രതിരോധത്തിൽ വിർജിൽ വാൻ ഡൈക്കിനേയും ജോഗോ ഗോമസിനെയും പരിക്കുമൂലം നഷ്ടപ്പെട്ടെങ്കിലും സലാ, ഫിർമിനോ, മാനെ സഖ്യത്തിൻ്റെ മികച്ച ആക്രമണ നിരയിലാണ് ക്ലോപ്പ് വിശ്വാസമർപ്പിച്ചിരിക്കുന്നത്. മധ്യനിരയിലേക്ക് തിയാഗോ അൽകൻ്റാരയുടെ തിരിച്ചു വരവും ലിബർപൂളിന് ഊർജമേകുന്നുണ്ട്. അലക്സ് ഫെർഗുസൻ യുഗത്തിനു ശേഷം ആദ്യമായാണ് പുതുവർഷത്തിനു ശേഷം യുണൈറ്റഡ് പ്രീമിയർ ലീഗിൻ്റെ തലപ്പത്തെത്തുന്നത്‌. ഇത് നിലനിർത്താൻ തന്നെയായിരിക്കും യുണൈറ്റഡിൻ്റെയും ശ്രമം.