ലിവർപൂളിന്റെ ഞെട്ടിക്കുന്ന നീക്കം, ചുളുവിലക്ക് മുൻ ബാഴ്സ താരത്തെ റാഞ്ചാനൊരുങ്ങുന്നു

ബാഴ്സയിൽ നിന്നും ബയേണിലെത്തി മധ്യനിരയിലെ സ്ഥിര സാന്നിധ്യമായി മാറിയ തിയാഗോ അൽകാൻട്ര ഈ സീസണു ശേഷം ലിവർപൂളിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. അടുത്ത സീസണു ശേഷം ബയേണുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന താരം ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടുമെന്ന് ബയേൺ ചീഫ് തന്നെ വ്യക്തമാക്കിയിരുന്നു.

“വളരെ മികച്ച താരമായ തിയാഗോക്ക് ആവശ്യമുള്ള ഓഫർ നൽകാൻ ഞങ്ങൾ തയ്യാറായിരുന്നു. എന്നാൽ പുതിയ വെല്ലുവിളികൾക്കായി താരം ക്ലബ് വിടാൻ ആഗ്രഹിക്കുന്നുണ്ട്. അടുത്ത സീസണിൽ കരാർ അവസാനിക്കുന്ന താരത്തെ ഫ്രീ ട്രാൻസ്ഫറിൽ വിൽക്കാൻ ഞങ്ങൾക്കു താൽപര്യമില്ല.” ബയേൺ മേധാവി റുമനിഗെ വ്യക്തമാക്കി.

ലിവർപൂളാണ് താരത്തെ സ്വന്തമാക്കാൻ മുന്നിൽ നിൽക്കുന്നത്. തിയാഗോയുടെ ശൈലിയുടെ വലിയ ഒരാരാധകനാണു താനെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതാണ്ട് മുപ്പതു ദശലക്ഷം യൂറോയുടെ ട്രാൻസ്ഫറിൽ മധ്യനിരയിൽ വളരെ അച്ചടക്കത്തോടെ കളിക്കുന്ന താരത്തെ സ്വന്തമാക്കാൻ ലിവർപൂളിന് അവസരമുണ്ട്.

ഏതെങ്കിലും സാഹചര്യത്തിൽ ലിവർപൂൾ താരത്തെ സ്വന്തമാക്കുന്നതിൽ നിന്നും പുറകോട്ടു പോയാൽ തിയാഗോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തിയേക്കും. പെപ് ഗാർഡിയോളയുമായി നല്ല ബന്ധമുള്ള തിയാഗോ പെപ് ബയേണിലെത്തിയപ്പോഴാണ് ബാഴ്സ വിട്ട് ജർമനിയിലേക്കു ചേക്കേറുന്നത്.

You Might Also Like