ആരാധകരെ അത്ഭുതപ്പെടുത്തി മറ്റൊരു സൂപ്പർതാരത്തിനായി ലിവർപൂൾ, ഉടൻ കരാറിലെത്തിയേക്കും

Image 3
EPLFeaturedFootball

ബയേൺ മ്യൂണിക്കിൽ നിന്നും തിയാഗോ അൽകന്റാരയെ സ്വന്തമാക്കി ലിവർപൂൾ   താരങ്ങളെ വാങ്ങികൂട്ടാനൊരുങ്ങുകയാണ്. ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം നിലനിർത്താനായി ടീം ശക്തമാക്കാനായി  വോൾവ്സിന്റെ പോർച്ചുഗീസ് താരമായ ഡീഗോ ജോട്ടയെ ടീമിലെത്തിക്കാനാണ് ലിവർപൂൾ നീക്കം. താരം മെഡിക്കൽ പരിശോധനകൾക്കായി ലിവർപൂളിലെത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

35 മില്യൺ യൂറോ മുടക്കിയാണ് ഇരുപത്തിമൂന്നുകാരനായ താരത്തെ ലിവർപൂൾ സ്വന്തമാക്കാനൊരുങ്ങുന്നത്. പകരം ലിവർപൂൾ പ്രതിരോധ താരമായ കി-ജാന ഹോവർ പത്തു മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ വോൾവ്സിലേക്കും കൂടുമാറും. തിയാഗോയെ സ്വന്തമാക്കി മണിക്കൂറുകൾ മാത്രം പിന്നിട്ടിരിക്കെയാണ് പുതിയ താരത്തിനെ   ലിവർപൂൾ സ്വന്തമാക്കുന്നത്.

വൂൾവ്സിനായി കഴിഞ്ഞ സീസണിൽ പതിനാലു ഗോളുകളാണ് ജോട്ട സ്വന്തമാക്കിയത് . മുന്നേറ്റനിരയിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിയുന്ന ജോട്ട ക്ളോപ്പിന്റെ പദ്ധതികൾ  വിജയത്തിലെത്തിക്കാൻ  വളരെയധികം ഉപകാരപ്പെട്ടേക്കാവുന്ന താരമാണ്. എന്നാൽ ഹോളണ്ട് വമ്പന്മാരായ  അയാക്സിൽ നിന്നും ലിവർപൂളിലെത്തിയ ഹോവർ ക്ലോപ്പിനു കീഴിൽ വെറും നാലു മത്സരങ്ങളിലാണു ബൂട്ടുകെട്ടിയിട്ടുള്ളത്.

ട്രാൻസ്ഫർ വിപണിയിൽ തുടക്കത്തിൽ നിര്ജീവമായിരുന്ന ലിവർപൂൾ വളരെ  പെട്ടെന്നാണ് ആരാധകരെയടക്കം അത്ഭുതപ്പെടുത്തിക്കൊണ്ട് താരങ്ങളെ സ്വന്തമാക്കാൻ തുടങ്ങിയത്. ലീഡ്സിനെതിരായ ആദ്യ മത്സരത്തിൽ ടീം പതറിയതാണ് ഇതിനു കാരണമെന്നാണു വിലയിരുത്തപ്പെടുന്നത്. എന്തായാലും  ഇത്തവണ പ്രീമിയർ ലീഗ് പോരാട്ടം കടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.