അബദ്ധങ്ങൾ ആവർത്തിച്ച് അലിസൺ, തുടർച്ചയായ മൂന്നാം തോൽവി രുചിച്ച് ലിവർപൂൾ

ലൈസസ്‌റ്റർ സിറ്റിയുമായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ലിവർപൂളിനു വീണ്ടും തോൽവിയേറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ്. ഈ സീസണിൽ തുടർച്ചയായ മൂന്നാമത്തെ തോൽവിയാണ് ക്ലോപ്പിൻ്റെ ലിവർപൂളിനു നേരിടേണ്ടി വന്നിരിക്കുന്നത്. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്തേക്കുയരാൻ ലൈസസ്റ്റർ സിറ്റിക്കു സാധിച്ചിരിക്കുകയാണ്.

ലൈസസ്റ്റർ സിറ്റിയുമായി ആറു പോയിൻ്റിൻ്റെ വ്യത്യാസത്തിൽ നാലാം സ്ഥാനത്തു തന്നെ തുടരുകയാണ് ലിവർപൂൾ. മറ്റു മത്സരങ്ങളുടെ ഫലങ്ങൾ കൂടി വന്നാൽ ഇനിയും താഴേക്ക്
പോവാനുള്ള സാധ്യതയുമുണ്ട്. മത്സരത്തിൽ 67ആം മിനുട്ടിൽ സലായിലൂടെ ലിവർപൂളാണ് മുന്നിലെത്തിയതെങ്കിലും പിന്നീട് ലൈസസ്റ്റർ മത്സരം വരുതിയിലാക്കുകയായിരുന്നു. 78 ആം മിനുട്ടിലെ ജെയിംസ് മാഡിസൻ്റെ തകർപ്പൻ ഫ്രീ കിക്കിലൂടെ ലൈസ്റ്റർ അധികം വൈകാതെ തന്നെ സമനില ഗോൾ കണ്ടെത്തുകയും ചെയ്തു.

രണ്ടു മിനുട്ടിനു ശേഷം ലൈസസ്റ്റർ രണ്ടാം ഗോളും സ്വന്തമാക്കി. ഇത്തവണ ഗോൾകീപ്പർ അലിസന്റെ അരങ്ങേറ്റതാരമായ ഒസാൻ കബാകുമായുള്ള ആശയവിനിമയത്തിൽ സംഭവിച്ച വലിയ പിഴവിൽ നിന്നും ജെയ്മി വാർഡിക്കു ലഭിച്ച അവസരം തുറന്ന പോസ്റ്റിലേക്ക് പന്ത് തട്ടിയിടുകയായിരുന്നു. ലിവർപൂളിനെതിരെ വാർഡി നേടുന്ന പതിനൊന്നാമത്തെ ഗോളായിരുന്നു അത്. പന്ത്‌ ക്ലിയർ ചെയ്യാനായി പെനാൽറ്റി ബോക്സ്‌ കടന്നു ഓടി വന്ന അലിസൺ ഒസാൻ കബാക്കുമായി കൂട്ടിയിടിച്ചു പന്ത് വാർഡിക്കു ലഭിക്കുകയായിരുന്നു.

ലൈസസ്റ്റർ ലീഡ് നേടിയതോടെ പ്രത്യക്രമണങ്ങൾക്കായിരുന്നു ലിവർപൂളിന്റെ പിന്നീടുള്ള ശ്രമങ്ങൾ. ലിവർപൂളിന്റെ അത്തരമൊരു കൗണ്ടർ അറ്റാക്കിൽ സലായിൽ നിന്നു നഷ്ടപ്പെട്ട ബോൾ പിടിച്ചെടുത്തു മുന്നേറിയ ലൈസസ്‌റ്റർ ഹാർവി ബാൺസിലൂടെ 85ആം മിനുട്ടിൽ മികച്ചൊരു ഗോൾ കൂടി കണ്ടെത്തിയതോടെ ലിവർപൂൾ തോൽവി സമ്മതിക്കുകയായിരുന്നു. ഈ തോൽവിയിലൂടെ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം 10 ആക്കി ഉയർത്തിയിരിക്കുകയാണ്.

You Might Also Like