സലാഹ് സ്വാര്‍ത്ഥനായ കളിക്കാരന്‍! തുറന്നടിച്ച് ലിവർപൂൾ ഇതിഹാസം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇനി നാലു മത്സരങ്ങൾ മാത്രം അവശേഷിക്കെ തന്റെ മൂന്നാമത്തെ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടാനുള്ള ശ്രമത്തിലാണ് സൂപ്പർ താരം മുഹമ്മദ് സലാഹ്. ബുധനാഴ്ച നടന്ന മത്സരത്തിൽ ലിവർപൂൾ മൂന്നു ഗോളിനു ബ്രൈറ്റണെ തകർത്തിരുന്നു. രണ്ടു ഗോൾ നേടി പ്രീമിയർ ലീഗിൽ 19 ഗോളുമായി ഗോൾവേട്ടക്കാരിൽ മൂന്നാമതെത്തി നിൽക്കുകയാണ് മുഹമ്മദ് സലാഹ്.
ബ്രൈറ്റണെതിരെ ആറാം മിനുട്ടിൽ ത്തന്നെ ഗോൾവേട്ട തുടങ്ങിയ സലാഹ് 76-ാം മിനുട്ടിൽ നേടിയ രണ്ടാം ഗോളിലൂടെ 22 ഗോളുമായി ഗോൾവേട്ടക്കാരിൽ ഒന്നാമതുള്ള ജെയ്മി വാർഡിക്ക് താഴെ 3 ഗോളിനു പിറകിലായി മൂന്നാം സ്ഥാനത്തെത്താൻ സാധിച്ചു.
എന്നാൽ ഈ മത്സരത്തിലെ സലാഹിന്റെ പ്രകടത്തെക്കുറിച്ച് നല്ലതല്ല ലിവർപൂൾ ഇതിഹാസതാരമായ ഗ്രയെം സൂനസിനു പറയാനുള്ളത്. മത്സരത്തിലുടനീളം സലാഹിന്റെ ഗോൾഡൻ ബൂട്ടിനു വേണ്ടിയുള്ള അതിസ്വാർത്ഥത പ്രകടമായിരുന്നെന്നാണ് സൂനസിന്റെ വാദം. മത്സരത്തിലെത്തന്നെ ഏറ്റവും കൂടുതൽ ലക്ഷ്യത്തിലേക്ക് ഷോട്ടുകളുതിർത്ത താരമായിരുന്നു മാറിയിരുന്നു സലാഹ്.
“മത്സരത്തിന്റെ അവസാനസമയത്ത് പന്ത് കിട്ടാത്തതിൽ നിരാശയോടെയുള്ള സലാഹിന്റെ പ്രതികരണം നിങ്ങൾ കണ്ടതാണ്. അവൻ കിട്ടുന്ന പന്തെല്ലാം ലക്ഷ്യത്തിലെത്തിക്കാൻ ശ്രമിക്കുകയായിരുന്നു. മൂന്നു നാലു അവസരങ്ങളിൽ സഹതാരങ്ങൾ സലാഹിന്റെ കളിയിൽ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു.അവൻ അതിസ്വാർത്ഥമനോഭാവമാണ് കളിയിൽ ചെയ്തുകൊണ്ടിരുന്നത്. ” ഗ്രയെം സൂനസ് ആരോപിച്ചു. അവൻ ഗോൾഡൻ ബൂട്ടിനുവേണ്ടി മാത്രമാണു ഇപ്പോൾ ഇങ്ങനെ കളിക്കുന്നതെന്നും ലിവർപൂൾ ഇതിഹാസം കൂട്ടിച്ചേർത്തു.