പ്രതിരോധത്തിലെ പരിചയസമ്പന്നതയിലെ കുറവ്, ആഴ്‌സണൽ താരത്തെ റാഞ്ചാൻ ലിവർപൂൾ

ലിവർപൂളിനെ സംബന്ധിച്ചിടത്തോളം ക്ളോപ്പിനെ ഏറ്റവും കൂടുതൽ സമ്മർദത്തിലാക്കുന്നത് പ്രതിരോധനിരയിലെ പരിക്കുകളാണ്. പ്രതിരോധത്തിലെ നെടുംതൂണായ വിർജിൽ വാൻ ഡൈക് ദീർഘകാല പരിക്കു മൂലം പുറത്തിരിക്കുന്നതും പരിക്കിൽ നിന്നും മോചിതനായി തിരിച്ചു വന്ന ജോയൽ മാറ്റിപ്പിനു വീണ്ടും പരിക്കേറ്റതും ലിവർപൂളിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ ജനുവരി ട്രാൻസ്ഫർ അവസാനിക്കുന്നതിനു മുൻപ് തന്നെ ഒരു പ്രതിരോധതാരത്തെ അടിയന്തിരമായി സ്വന്തമാക്കേണ്ട ആവശ്യകത വീണ്ടും ഉയർന്നു വന്നിരിക്കുകയാണ്.

പരിചയസമ്പന്നനായ ഒരു പ്രതിരോധതാരത്തെയാണ് ലിവർപൂൾ ലക്ഷ്യമിടുന്നത്. അത്തരത്തിൽ ഒരു താരത്തെ ആഴ്സണലിൽ നിന്നും റാഞ്ചാനാണ് ലിവർപൂളിന്റെ പദ്ധതി. നിലവിൽ ആഴ്സണലിൽ അവസരം കുറഞ്ഞ പരിചയസമ്പന്നനായ സ്‌കോഡ്രാൻ മുസ്താഫിയെ ആണ് ലിവർപൂൾ നോട്ടമിട്ടിരിക്കുന്നത്. വളരെ തുച്ഛമായ വിലക്ക് താരത്തെ സ്വന്തമാക്കാമെന്നതാണ് ലിവർപൂളിനെ താരത്തിലേക്ക് ആകർഷിക്കുന്നത്.

ഒരുപക്ഷെ ഫ്രീ ട്രാൻസ്ഫറിൽ തന്നെ താരത്തെ സ്വന്തമാക്കാൻ ലിവർപൂളിനു സാധിച്ചേക്കുമെന്നാണ് അറിയാനാകുന്നത്. ഓസിലിനു പിന്നാലെ താരത്തെയും ഒഴിവാക്കാനുള്ള ശ്രമമാണ് പരിശീലകനായ അർട്ടേറ്റയും
നടത്തിക്കൊണ്ടിരിക്കുന്നത്. വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചു വരാൻ മുസ്താഫിയും ഏജന്റും ശ്രമിച്ചുകൊണ്ടിരിക്കെയാണ് ലിവർപൂളിന്റെ അപ്രതീക്ഷിത നീക്കം തുണയാവാൻ പോകുന്നത്. ലിവർപൂളിന് പിന്നാലെ ഇറ്റാലിയൻ ക്ലബ്ബായ ലാസിയോയും താരത്തിനായി ശ്രമമാരംഭിച്ചിട്ടുണ്ട്.

പ്രീമിയർ ലീഗിലും ബുണ്ടസ്‌ലിഗയിലെയും പരിചയസമ്പത്താണ് മുസ്താഫിക്ക് ഗുണകരമായി ഭവിക്കുകയായിരുന്നു. നിലവിലെ സാഹചര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും കൂടുതലൊന്നും ഈ ട്രാൻസ്ഫറിനെക്കുറിച്ച് പറയാനില്ലെന്നു അർട്ടേറ്റ അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ ട്രാൻസ്ഫർ ജാലകത്തിൽ താരം എന്തായാലും ക്ലബ്ബ് വിടാനാണ് സാധ്യത.

You Might Also Like