ലീഡ്‌സിന്റെ നെടുംതൂണായ യുവതാരത്തിനെ ലക്ഷ്യമിട്ട് ക്ളോപ്പ്‌, മത്സരം കടുപ്പിച്ച് മൗറീഞ്ഞോയുടെ ടോട്ടനവും

Image 3
EPLFeaturedFootball

പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചു വരവിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ക്ലബ്ബാണ് ലീഡ്സ് യുണൈറ്റഡ്. പതിനാറു  വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്  അർജന്റൈൻ പരിശീലകനായ ബിയെൽസയുടെ കീഴിൽ പ്രീമിയർ ലീഗിലേക്കു തിരിച്ചെത്തുന്നത്.  നിലവിൽ  പോയിന്റ് പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റിക്കു മുകളിലാണ് സ്ഥാനമെന്നത് ലീഡ്‌സിന്റെ പ്രകടന മികവിനെ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ ലീഡ്‌സിന്റെ പ്രകടനത്തിലെ നെടുംതൂണായി കണക്കാക്കാവുന്ന താരമായ കാൽവിൻ ഫിലിപ്സിൽ നോട്ടമിട്ടു രണ്ടു വമ്പൻ ക്ലബ്ബുകളാണ് രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ജർഗൻ ക്ളോപ്പിന്റെ ലിവർപൂളും  ജോസെ മൗറീഞ്ഞോയുടെ ടോട്ടനം ഹോട്സ്പറുമാണ് താരത്തിൽ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.  ഇംഗ്ലീഷ് മാധ്യമമായ മിറർ ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

ആക്രമണത്തിൽ കൂടുതൽ താത്പര്യം കാണിക്കുന്ന ഈ മധ്യനിരതാരം  ലീഡ്‌സിൽ കാഴ്ചവെക്കുന്ന മിന്നും പ്രകടനമാണ് ക്ളോപ്പിന്റെയും ജോസേയുടെയും കണ്ണിലുടക്കിയിരിക്കുന്നത്. ബാഴ്സ കണ്ണുവെച്ചിരിക്കുന്ന ഹോളണ്ട് താരം ഗിനി വൈനാൽഡം കരാർ പുതുക്കാൻ വിസമ്മതിച്ചതോടെയാണ് ക്ളോപ്പ്‌ ആ സ്ഥാനത്തേക്ക് ഫിലിപ്സിനെ നോട്ടമിട്ടിരിക്കുന്നത്.

എന്നാൽ ടോട്ടനത്തിൽ മൂസ സിസൊക്കൊയുടെ പ്രകടനത്തിൽ മൗറീഞ്ഞോ നിരാശ പ്രകടിപ്പിച്ചതോടെയാണ് കൂടുതൽ ആക്രമണത്വരയുള്ള മധ്യനിരതാരത്തിനായി ശ്രമം തുടങ്ങിയിരിക്കുന്നത്. നിലവിൽ  2024 വരെ ലീഡ്‌സിൽ കരാറുള്ള ഫിലിപ്സിനു 30000 യൂറോയാണ് വേതനമായി ലഭിക്കുന്നത്. ഇരു ടീമുകളും 50 മില്യൺ യൂറോക്കുമുകളിൽ താരത്തിനായി മുടക്കാൻ തയ്യാറാണ്. എന്നാൽ തങ്ങളുടെ പ്രധാന താരത്തെ നിലനിർത്താൻ തന്നെയാണ് ബിയേൽസയുടെയും ശ്രമം.