ഗോളടിക്കുറവ്, ഇന്റർമിലാൻ സൂപ്പർതാരത്തിനായി ലിവർപൂളും ടോട്ടനവും നേർക്കുനേർ

ഗോളുകൾ കണ്ടെത്താനാവാതെ വിഷമിക്കുന്ന ലിവർപൂളിന്റെ മധ്യനിരയിലേക്ക് കൂടുതൽ ക്രിയാത്മതയും ആക്രമണ സ്വഭാവവുമുള്ള താരത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യർഗൻ ക്ലോപ്പ്. അതിനായി നോട്ടമിട്ടിരിക്കുന്നത് ഇറ്റാലിയൻ വമ്പന്മാരായ ഇൻ്റർ മിലാൻ്റെ യുവപ്രതിഭയായ നിക്കോളോ ബാരെല്ലയെയാണ്. മധ്യനിരയിലെ ചടുലതയും അസാമാന്യവേഗതയുമാണ് ക്ലോപ്പിനെ ആകർഷിച്ചിരിക്കുന്നത്.

ഇംഗ്ലീഷ് മാധ്യമമായ ഗാർഡിയൻ്റെ റിപ്പോർട്ടുകൾ പ്രകാരം ലിവർപൂളിനു പിന്നാലെ ഹോസെ മൗറിഞ്ഞോയുടെ ടോട്ടനം ഹോട്സ്പറും താരത്തിനു വേണ്ടി രംഗത്തെത്തിയിട്ടുണ്ടെന്നാണ് അറിയാനാകുന്നത്. നിലവിൽ മുന്നേറ്റനിര താരമായ ഹാരി കെയ്നിൻ്റെ പ്ലേമേക്കിങ്ങാണ് ടോട്ടനത്തിൻ്റെ ആക്രമണങ്ങളിൽ നിർണായകമാവുന്നത്. അതുകൊണ്ടുതന്നെ ക്രിയാത്മകമായി ടോട്ടനത്തിൻ്റെ മധ്യനിരയെ ശക്തിപ്പെടുത്താനാണ് മാറിഞ്ഞോ ബാരെല്ലയെ നോട്ടമിട്ടിരിക്കുന്നത്.

നിലവിൽ സീരി എയിൽ രണ്ടാം സ്ഥാനത്തുള്ള ഇൻ്ററിനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന യുവപ്രതിഭയാണ് ബാരെല്ല. യുവൻറസിനെതിരെ നടന്ന നിർണായക മത്സരത്തിൽ ഇൻ്റർ നേടിയ രണ്ടു ഗോളുകളിലൊന്ന് നികോളാസ് ബാരെല്ലയുടേതായിരുന്നു. യുവൻ്റസിനെതിരായ മത്സരത്തിൽ അൻ്റോണിയോ കോണ്ടെയുടെ തന്ത്രങ്ങളിലെ അവിഭാജ്യ ഘടകമായി ഉയർന്നു വന്നിരിക്കുകയാണ് ഈ യുവപ്രതിഭ.

ബാരെല്ലക്കായി ലിവർപൂളും ടോട്ടനവും മത്സരിക്കുന്നുണ്ടെങ്കിലും ഇൻ്റർ മിലാൻ തങ്ങളുടെ യുവപ്രതിഭയെ ചെറിയ തുകക്കൊന്നും കൈവിടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 2024 വരെ കരാറുള്ള ബാരെല്ലയെ സ്വന്തമാക്കാൻ വൻ വില തന്നെ നൽകേണ്ടി വരുമെന്നുറപ്പാണ്. ഇൻ്ററിൻ്റെ മധ്യനിരയിൽ നിലവിൽ കളിച്ചു പതിനെട്ടു മത്സരങ്ങളിലും താരത്തിൻ്റെ സാന്നിധ്യമുണ്ടെന്നത് ബാരെല്ലയുടെ പ്രാധാന്യം വിളിച്ചോതുന്ന ഒന്നാണ്. നിലവിൽ നഗരവൈരികളായ എസി മിലാനുമായി വെറും മൂന്നു പോയിൻ്റിൻ്റെ വ്യത്യാസം മാത്രമാണുള്ളത്.

You Might Also Like