പോര്‍ച്ചുഗീസ് അത്ഭുത ഗോളിയെ റാഞ്ചാന്‍ മത്സരിച്ച് ലിവര്‍പൂളും ആഴ്‌സണലും
പോർച്ചുഗലിന്റെ അണ്ടർ-18 ഗോൾ കീപ്പർക്ക് വേണ്ടി ലിവർപൂളും ആഴ്സണലും ശ്രമമാരംഭിച്ചിരിക്കുകയാണ്. പതിനേഴു വയസു മാത്രം പ്രായമുള്ള റിക്കാർഡോ വാൻ ഡെർ ലാനു വേണ്ടിയാണു ഈ ഇംഗ്ലീഷ് ക്ലബ്ബുകൾ മത്സരിക്കുന്നത്. പോർട്ടുഗീസ് ക്ലബ്ബായ ബെലെനെൻസസിനു വേണ്ടി വലകാക്കുന്ന താരമാണ് വാൻ ഡെർ ലാൻ.
താരത്തിന്റെ ജൂനിയർ കാലഘട്ടം മുതലുള്ള പ്രകടനങ്ങളിൽ ആകൃഷ്ടരായി യൂറോപ്പിൽ നിന്നും നിരവധി ക്ലബ്ബുകൾ പുറകെയുണ്ട്. പ്രത്യേകിച്ചും പ്രീമിയർ ലീഗ് ക്ലബ്ബുകളാണ് താരത്തിന്റെ പിറകെയുള്ളത്.
ഈ ചെറുപ്രായത്തിൽ തന്നെ സീനിയർ തലത്തിൽ പോർചുഗലിന്റെ ടീമിൽ ഉൾപ്പെട്ട താരമാണ് ഈ പതിനേഴുകാരൻ എന്നതും താരത്തിന്റെ പ്രതിഭയെ ഉയർത്തിക്കാണിക്കുന്ന ഒന്നാണ്. താരത്തിന്റെ വളർച്ചയിൽ കണ്ണും നട്ടിരിക്കുന്ന രണ്ടു പ്രധാന ഇംഗ്ലീഷ് ക്ലബ്ബുകൾ ആഴ്സണലും ലിവര്പൂളുമാണ്.
യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ കഴിവ് തെളിയിച്ച രണ്ടു ക്ലബ്ബുകളാണ് താരത്തിനു വേണ്ടി മത്സരിക്കുന്നതെന്നത് കൊണ്ട് താരം ഏതു ക്ലബ്ബിലേക്ക് ചേക്കേറുമെന്നത് കാത്തിരിക്കേണ്ടി വരും. ജൂലൈ 27 മുതൽ ട്രാൻസ്ഫർ ജാലകം തുറന്നെങ്കിലും ഇതു വരെ ഇരു ക്ലബ്ബുകളും താരവുമായി കരാറിലെത്താൻ ശ്രമിച്ചിട്ടില്ല. കരാറിലെത്താൻ ഇംഗ്ലീഷ് ക്ലബ്ബുകൾക് ഒക്ടോബർ 5 വരെ സമയമുണ്ട്.