മാനേജ്മെന്റ് ദുരന്തമാണ്, ഇവിടെ തുടരും, ബാഴ്‌സയെ കോടതി കയറ്റില്ല, വികാരഭരിതനായി മെസി

ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കുമൊടുവിൽ ആരാധകർ ആകാംഷയോടെ കാത്തിരുന്ന മെസി ഗാഥക്ക് വിരാമമായിരിക്കുകയാണ്. അഭ്യൂഹങ്ങൾക്ക് അവസാനമായി മെസി തന്റെ തീരുമാനം അറിയിച്ചിരിക്കുകയാണ്. മെസി ബാഴ്സ ജേഴ്‌സിയിൽ തന്നെ തുടരും. എന്നാൽ രൂക്ഷമായ ഭാഷയിലാണ് മെസി ബാഴ്സലോണ ബോർഡിനെതിരെ തുറന്നടിച്ചത്.

പ്രസിഡന്റ് ബർതൊമ്യു ഒരു ദുരന്തമാണെന്നും അദ്ദേഹം ബാഴ്‌സയെ നശിപ്പിക്കുകയാണെന്നും മെസി വെളിപ്പെടുത്തി. ബർതോമ്യുവിന്റെ കീഴിൽ ബാഴ്സലോണ ഒരു ലക്ഷ്യവും ഇല്ലാത്ത ക്ലബായി മാറിയെന്നും മെസി ആരോപിച്ചു. മികവുള്ള ഒരു പ്രൊജക്ടും ബാഴ്സലോണയിൽ ഇപ്പോൾ ഉണ്ടാവുന്നില്ലെന്നും മെസി ചൂണ്ടിക്കാട്ടി.

അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ബാഴ്സലോണ ഇങ്ങനെയാവില്ലെന്നും മെസ്സി അഭിപ്രായപ്പെട്ടു. ഒന്ന് പൊരുതാനുള്ള ടീമെങ്കിലും തയ്യാറാക്കേണ്ടതുണ്ട്. മറിച്ചായാൽ റോമിലും ലിവർപൂളിലും ബയേണെതിരെയും ഒക്കെ സംഭവിച്ച നാണക്കേട് ഇനിയും ആവർത്തിക്കുമെന്നു മെസി മുന്നറിയിപ്പു നൽകുന്നു.

താൻ ബാഴ്സലോണയിൽ തുടരും കാരണം താൻ ക്ലബ് വിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ ബർതോമ്യു തന്നോട് 700 മില്യൺ കൊടുക്കേണ്ടി വരുമെന്നാണ് വ്യക്തമാക്കിയതെന്നും അതൊരിക്കലും സാധ്യമായ കാര്യമല്ലെന്നും മെസി അഭിപ്രായപ്പെട്ടു. സാധ്യമാവണമെങ്കിൽ കോടതിയിൽ പോകേണ്ടി വരുമെന്നും തന്റെ ജീവിതമായ ക്ലബിനെ കോടതി കയറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും മെസി വ്യക്തമാക്കി.അതിനാലാണ് താൻ ബാഴ്സയിൽ തന്നെ തുടരാനുള്ള തീരുമാനമെടുത്തതെന്നും മെസി വെളിപ്പെടുത്തി.

You Might Also Like