മെസി ഫ്രീകിക്ക് പരിശീലിക്കുന്നതേ കണ്ടിട്ടില്ല, പരിശീലിച്ചില്ലെങ്കിലും മെസി പെർഫെക്ട് ആണെന്ന് മുൻ ബാഴ്സ താരം സെമെഡോ

ബാഴ്സയിൽ നിന്നും പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സിലേക്ക് ചേക്കേറിയ പോർച്ചുഗീസ് റൈറ്റ് ബാക്കാണ് നെൽസൺ സെമെഡോ. പ്രീമിയർ ലീഗിലേക്ക് ചേക്കേറിയെങ്കിലും ഇപ്പോഴും ബാഴ്സയിലെ സുന്ദര നിമിഷങ്ങളെക്കുറിച്ച് സെമെഡോ ഇപ്പോഴും ഓർക്കാറുണ്ട്. സൂപ്പർതാരം ലയണൽ മെസിയോടൊപ്പമുള്ള പരിശീലന നിമിഷങ്ങളെ കുറിച്ചും സെമെഡോ സംസാരിച്ചു.
പ്രത്യേകിച്ചും ലയണൽ മെസിയുടെ ഫ്രീകിക്ക് പടവമാണ് സെമെഡോയെ അമ്പരപ്പിച്ചു കളഞ്ഞത്. ഡെഡ് ബോൾ സാഹചര്യങ്ങളിൽ മെസി കാണിക്കുന്ന അസാമാന്യ കൃത്യതയാണ് സെമെഡോയെ അത്ഭുതപ്പെടുത്താറുള്ളത്. ഇംഗ്ലീഷ് മാധ്യമമായ അത്ലെറ്റിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സെമെഡോ.
Nelson Semedo says he never saw Messi practice a free kick 🤯 pic.twitter.com/BUarg40uki
— ESPN FC (@ESPNFC) March 2, 2021
“ആശ്ചര്യകരമാണത്! അദ്ദേഹമെത്രത്തോളം മികച്ചതാണെന്നു വിശദീകരിക്കാൻ എന്റെ കയ്യിൽ വാക്കുകളില്ല. നിങ്ങൾക്കറിയുമോ ഇതിലും കൂടുതൽ അദ്ദേഹത്തെ അതിശയകരമാക്കുന്ന മറ്റൊരു കാര്യം. പരിശീലനത്തിൽ ഇതുവരെയും അദ്ദേഹം ഫ്രീകിക്ക് പരിശീലിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഞാൻ അവിടെ ഉണ്ടായിരുന്ന അത്രയും കാലത്തോളം.”
“ഞാൻ ആണയിട്ട് പറയുന്നു അദ്ദേഹമൊരിക്കലും അതു ചെയ്തിട്ടില്ല. ഞങ്ങൾ ദൂരത്തു നിന്നും ഷൂട്ട് ചെയ്തു പരിശീലിക്കാറുണ്ട്. എന്നാൽ മെസി ഒരിക്കലും ഫ്രീകിക്ക് എടുക്കാറില്ല. അദ്ദേഹത്തിന്റെ കാര്യത്തിൽ അതു സ്വഭാവികമായ ഒരു കാര്യമാണ്. എല്ലാവരും പറയും പരിശീലിക്കും തോറുമാണ് ഒരു ജോലിയിൽ പൂർണനാവുന്നതെന്നു. അദ്ദേഹത്തിന്റെ കാര്യത്തിൽ പരിശീലിച്ചില്ലെങ്കിലും അത് പെർഫെക്ട് തന്നെയാണ്.” സെമെഡോ പറഞ്ഞു.