മെസി തുടർന്നാലും വിട്ടുപോയാലും പണി ബാഴ്സക്ക് തന്നെ, സാമ്പത്തികപ്രതിസന്ധി ബാഴ്‌സയെ വിഴുങ്ങുന്നു

Image 3
FeaturedFootballLa Liga

കോവിഡ് മഹാമാരി മൂലം സാമ്പത്തികപ്രതിസന്ധിയിലായ ക്ലബ്ബുകളിലൊന്നാണ് കാറ്റാലൻ വമ്പന്മാരായ ബാഴ്സലോണയും. ക്ലബ്ബിന്റെ 80 ശതമാനത്തിലധികം വരുമാനം ആരാധകരിൽ നിന്നാണെന്നിരിക്കെ ക്യാമ്പ് നൗവിൽ കാണികളില്ലാതെ മത്സരം തുടരുന്നത് ബാഴ്സയുടെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നതു വസ്തുതയാണ്.

നിലവിൽ താരങ്ങളുടെയും സ്റ്റാഫുകളുടെയും വേതനത്തിൽ 30 ശതമാനത്തോളം വെട്ടിക്കുറക്കാനുള്ള പദ്ധതിയിലാണ് ബാഴ്സയുള്ളത്. അതിൽ നിന്നുമായി 170 മില്യൺ യൂറോയെങ്കിലും സമാഹരിച്ചാലേ ബാഴ്സക്ക് പാപ്പരത്വത്തിൽ നിന്നും രക്ഷപ്പെടാനാവുകയുള്ളുവെന്നതാണ് നിലവിലെ സാഹചര്യം. എന്നാൽ മെസ്സിയടക്കമുള്ള ചില സൂപ്പർതാരങ്ങൾ അതിനു ഇനിയും സമ്മതിച്ചിട്ടില്ലെന്നാണ് ഉയർന്നു വരുന്ന റിപ്പോർട്ടുകൾ.

എന്നാൽ ബാഴ്സക്ക് പുതിയ പ്രതിസന്ധിയായി നിലനിൽക്കുന്നത് സൂപ്പർതാരം ലയണൽ മെസിക്ക് നൽകാനുള്ള ബോണസ് തുകയെ സംബന്ധിച്ച കാര്യമാണ്. 2017ൽ മെസിക്ക് നൽകിയ പുതിയ കരാറിൽ 66 മില്യൺ യൂറോയുടെ ബോണസും ഉൾപ്പെടുത്തിയിരുന്നു. അതിൽ പകുതിയോളം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മെസിക്ക് ബാഴ്സ നൽകിയിരുന്നു.

എന്നാൽ ബാക്കി ബോണസ് തുക കരാർ അവസാനിക്കുന്ന ജൂൺ 30നു മെസിക്ക് ബാഴ്സ നൽകേണ്ടി വരും. അതു മെസി ഇനി ബാഴ്സയിൽ തുടർന്നാലും ക്ലബ്ബ് വിട്ട് മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറിയലും നിർബന്ധമായും ബാഴ്സ നൽകേണ്ടി വരും. ഇക്കഴിഞ്ഞ സമ്മറിൽ മെസി ബാഴ്സ വിട്ടിരുന്നെങ്കിലും ബാഴ്സ ഇതു നൽകേണ്ടി വന്നിരുന്നേനെ. എന്തായാലും സാമ്പത്തിക പ്രതിസന്ധിക്കൊപ്പം മറ്റൊരു പ്രതിസന്ധി കൂടി ബാഴ്‌സയെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നു സാരം.