പറഞ്ഞത് ചെയ്ത് കാണിച്ചു, കിരീട നഷ്ടത്തിലും ജ്വലിച്ച് മെസി

Image 3
FeaturedFootball

ലാലിഗയില്‍ ഡീപോര്‍ട്ടീവോ അലാവെസുമായി നടന്ന ബാഴ്സയുടെ അവസാനമത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം. മത്സരത്തില്‍ ഇരട്ട ഗോളുകളുമായി വിജയത്തിന്റെ ചുക്കാന്‍ പിടിച്ച് നായകന്‍ ലയണല്‍ മെസി ഒസാസുനയുമായുള്ള തോല്‍വിക്ക് ശേഷം പറഞ്ഞത് പ്രവര്‍ത്തിച്ചു കാണിച്ചിരിക്കുകയാണ്.

കിരീടനഷ്ടത്തിലും ഒസാസുനയോടുണ്ടായ അപ്രതീക്ഷിത തോല്‍വിയും സ്വയംപരിശോധനക്കു വിധേയമാക്കി തിരിച്ചു വരുമെന്നായിരുന്നു മെസി വ്യക്തമാക്കിയത്. അത് അലാവെസുമായുള്ള മത്സരത്തില്‍ പ്രകടമായിരുന്നു.

ഈ വിജയത്തോടെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ബാഴ്സക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാം. മത്സരത്തില്‍ സ്വന്തമാക്കിയ രണ്ടു ഗോളുകളോടെ ലാലിഗയില്‍ 25 ഗോളുകള്‍ നേടിയ മെസി ഗോള്‍വേട്ടക്കാരനുള്ള അവാര്‍ഡായ പിച്ചിച്ചി നേടിയിരിക്കുകയാണ്.

ഇത് ഏഴാം തവണയാണ് മെസി പിച്ചിച്ചി സ്വന്തം ഷെല്‍ഫില്‍ എത്തിക്കുന്നത്. ഏഴ് പിച്ചിച്ചി സ്വന്തമാക്കിയ ചരിത്രത്തിലെ ആദ്യതാരം എന്ന ബഹുമതി ഇനി മെസിക്ക് സ്വന്തമാണ്. ടെല്‍മോ സാറ(6), ക്വിനി (5), ഡി സ്റ്റെഫാനോ (5), ഹ്യൂഗോ സാഞ്ചസ് (5) എന്നീ ഇതിഹാസങ്ങളാണ് മെസിക്ക് പിറകില്‍ ഉള്ളത്. തുടര്‍ച്ചയായി നാലാം തവണയാണ് മെസി പിച്ചിച്ചി അവാര്‍ഡ് നേടുന്നത്. 1980-കളില്‍ ഹ്യൂഗോ സാഞ്ചസ് ഈ നേട്ടം കരസ്ഥമാക്കിയതിന് ശേഷം മെസിയാണ് ഈ നേട്ടം കൈവരിക്കുന്നത്.

മത്സരത്തില്‍ ഒരു അസിസ്റ്റ് കൂടി നടത്തിയതോടെ ഈ ലാലിഗ സീസണില്‍ ഇരുപത്തിയൊന്ന് അസിസ്റ്റുകള്‍ താരം പൂര്‍ത്തിയാക്കി. ഇതോടെ മുന്‍ ബാഴ്സ താരവും തന്റെ സഹതാരവുമായിരുന്ന സാവി ഹെര്‍ണാണ്ടസിന്റെ റെക്കോര്‍ഡ് ആണ് മെസി തകര്‍ത്തത്. 2008/09 സീസണില്‍ ഇരുപത് അസിസ്റ്റുകള്‍ നേടിയതായിരുന്നു സാവിയുടെ നേട്ടം. ഈ സീസണില്‍ ആകെ 25 ഗോളുകളും 21 അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.