റൊണാൾഡോക്കൊപ്പം കളിക്കാൻ മെസി ആഗ്രഹിച്ചിരുന്നു, അവസാനനിമിഷം എല്ലാം വേണ്ടെന്നു വെച്ചു

Image 3
Football News

ഖത്തർ ലോകകപ്പിൽ കിരീടമുയർത്തി ലോകത്തിന്റെ നിറുകയിൽ നിൽക്കുകയായിരുന്ന ലയണൽ മെസിയുടെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ക്ലബായ പിഎസ്‌ജി നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഫ്രഞ്ച് ആരാധകർ തനിക്കെതിരെ തിരിഞ്ഞതിനാൽ പിഎസ്‌ജിയിൽ തുടരുന്നില്ലെന്ന തീരുമാനമെടുത്ത മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലാണ് എത്തിയത്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മെസിയെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ബാഴ്‌സയിലേക്ക് തിരിച്ചു പോവാനാണ് ആഗ്രഹിച്ചതെങ്കിലും അത് നടക്കില്ലെന്ന് മനസിലായതോടെ താരത്തിനായി നിരവധി ക്ലബുകൾ രംഗത്തെത്തി. സൗദി അറേബ്യയിൽ നിന്നും റെക്കോർഡ് തുകയുടെ ഓഫറും വന്നു. സൗദി അറേബ്യയിലേക്ക് ചേക്കേറാൻ ആഗ്രഹമുണ്ടായിട്ടും താൻ അത് വേണ്ടെന്നു വെച്ചുവെന്നാണ് മെസി പറയുന്നത്.

“എനിക്ക് താൽപര്യമുള്ള കുറെ ഓഫറുകൾ വന്നിരുന്നു. അതെല്ലാം പരിശോധിച്ച് എന്റെ കുടുംബത്തിന് കൂടി നല്ലതെന്നു തോന്നുന്ന തീരുമാനമാണ് അവസാനം എടുത്തത്. അങ്ങിനെ ഇന്റർ മിയാമിയിലെത്തി. ബാഴ്‌സലോണയിലേക്ക് ചേക്കേറുകയായിരുന്നു പ്രധാന താൽപര്യമെങ്കിലും അത് സാധ്യമായിരുന്നില്ല. ഞാൻ ശ്രമിച്ചെങ്കിലും അത് നടക്കാതെ പോയി.”

“സൗദിയിലേക്ക് പോകുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചിരുന്നു. അവരെ എനിക്കറിയാം. ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുന്ന അവർ ഭാവിയിൽ മികച്ചൊരു ലീഗായി മാറുമെന്ന് എനിക്ക് ധാരണയുണ്ടായിരുന്നു. ഏറ്റവുമവസാനം സൗദി അറേബ്യയിലേക്കോ അല്ലെങ്കിൽ ഇന്റർ മിയാമിയിലേക്കോ എന്ന തീരുമാനത്തിലാണ് ഞാൻ എത്തിയത്. അവസാനം ഇന്റർ മിയാമിയെ തിരഞ്ഞെടുത്തു.” മെസി പറഞ്ഞു.

മെസി സൗദിയിലേക്ക് വന്നിരുന്നെങ്കിൽ അത് ഏഷ്യയിലെയും ഇന്ത്യയിലെയും ഒരുപാട് ആരാധകർക്ക് താരത്തിന്റെ മത്സരം സ്ഥിരമായി കാണാൻ അവസരം ഒരുക്കി നൽകുമായിരുന്നു. അതിനു പുറമെ ലോകഫുട്ബോളിലെ സൂപ്പർതാരങ്ങളായ റൊണാൾഡോയും മെസിയും വീണ്ടും നേർക്കുനേർ വരുന്നതിനും അത് വഴിയൊരുക്കിയേനെ.