വിദേശികളെ ഒഴിവാക്കി ഞെട്ടിച്ച ലൈനപ്പ്, ഒടുവില്‍ ജയം, കിബുവിന് പറയാനുളളത്
ഐഎസ്എല്ലില്‍ ഹൈദരാബാദിനെതിരെയുളള മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ലൈനപ്പ് കണ്ട ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരുന്നു. വന്‍ വിലകൊടുത്ത് ടീമിലെത്തിച്ച വിദേശ സൂപ്പര്‍ താരങ്ങളായ ബക്കരി കോനെ, ഗാരി ഹൂപ്പര്‍, കോസ്റ്റ നമോയെനേസു എന്നവരൊന്നും ഇല്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ഇതില്‍ കോസ്റ്റയേയും കോനയേയുമെല്ലാം സ്വാകാഡില്‍ പോലും ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
മാത്രമല്ല അഞ്ച് വിദേശ താരങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നിടത്ത് മൂന്ന് പേര്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടായിരുന്നുളളു. വിന്‍സന്റ് ഗോമസ്, ഫക്കുണ്ടോ പെരേര, ജോര്‍ദാന്‍ മുറെ എന്നിവരായിരുന്നു അവര്‍. കേരള സെന്റര്‍ ബാക്കില്‍ യുവതാരങ്ങളായ ഹക്കുവും സന്ദീപും ആയിരുന്നു ഇറങ്ങിയത് എന്നത് മറ്റൊരു സര്‍പ്രൈസായി.
എന്നാല്‍ കിബുവിന്റെ ഈ മാറ്റങ്ങള്‍ വഴിതിരിവാകുന്നതാണ് മത്സരത്തില്‍ കണ്ടത്. സീസണില്‍ ഇതാദ്യമായി ബ്ലാസ്‌റ്റേഴ്‌സ് വിജയിക്കുന്നതിനും ഗോവ സാക്ഷിയായി. ഇതില്‍ അപ്രതീക്ഷിത അവസരം ലഭിച്ച ഹക്കു ഒരു ഗോള്‍ നേടി എന്നതും ഇരട്ടി മധുരമായി.
ഹക്കുവിന്റെയും സന്ദീപിന്റെയും പ്രകടനത്തില്‍ വലിയ സന്തോഷം ഉണ്ട് എന്ന് മത്സര ശേഷം കിബു പറഞ്ഞു. മുംബൈ സിറ്റിക്ക് എതിരെ ഇവരെ തന്നെ കളിപ്പിക്കുമോ അതോ വിദേശ താരങ്ങളെ തിരികെ കൊണ്ടുവരുമോ എന്ന ചോദ്യത്തിന് കളിക്കുന്നവര്‍ക്കും മികവ് തെളിയിക്കുന്നവര്‍ക്കുമാണ് അവസരം എന്ന് കിബു വികൂന തീര്‍ത്തു പറഞ്ഞു.
തനിക്ക് വിദേശ താരം എന്നോ ഇന്ത്യന്‍ താരം എന്നോ വ്യത്യാസമില്ല. പരിശീലനത്തിലും മത്സരത്തിലും മികവു പുലര്‍ത്തിയാല്‍ അവസരം നല്‍കുമെന്നും വികൂന മത്സരശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കൂട്ടിചേര്‍ത്തു. ഹൈദരാബാദിനെതിരെ അവസരം കിട്ടിയവര്‍ എല്ലാം നല്ല പ്രകടനം നടത്തി എന്നതില്‍ തൃപ്തി ഉണ്ട് എന്നും വികൂന പറഞ്ഞു.