തൂക്കിലേറ്റപ്പെട്ട ക്രിക്കറ്റ് സൂപ്പര്‍ താരം, ആരുടേയും കരളലിയിപ്പിക്കും

Image 3
Cricket

സുരേഷ് വാരിയത്ത്

ലെസ്ലി ഹില്‍ട്ടണ്‍ – അയാളുടെ ബാല്യം ഒരിക്കലും വര്‍ണാഭമായിരുന്നില്ല. ദാരിദ്ര്യം കൊടി കുത്തി വാണ ഇംഗ്ലീഷ് കോളനികളിലൊന്നായ വെസ്റ്റ് ഇന്‍ഡീസ് ദ്വീപ് സമൂഹത്തിലെ ജമൈക്കയില്‍ അയാള്‍ ജനിച്ചു, 1905 മാര്‍ച്ച് 29 ന്. അക്കാലത്തെ ഏതൊരു കറുത്ത വര്‍ഗക്കാരനേയും പോലെ നിറവും സംസ്‌കാരവും പാരമ്പര്യവുമെല്ലാം അയാളുടെ കഴിവുകള്‍ തേച്ചുമിനുക്കുന്നതിന് എന്നും എതിരായി നിന്നു. പിതാവാരെന്നറിയാതെ ജനിച്ചഅയാളെ, അനാഥനാക്കി മൂന്നാം വയസ്സില്‍ അമ്മയും ടീനേജില്‍ സഹോദരിയും എന്നെന്നേക്കുമായി വിട്ടു പിരിഞ്ഞു. ഏക ആശ്രയമായ അമ്മായിയും പോയതോടെ തികച്ചും അനാഥനായ ലെസ്ലി ഒരു തുണിക്കടയില്‍ തയ്യല്‍ പരിശീലിക്കാനും പിന്നീട് കപ്പലിലെ ചെറു ജോലികള്‍ ചെയ്യാനും നിയോഗിതനായി. ഇതിനിടയില്‍ പഠനം നിര്‍ത്തേണ്ടി വന്നെങ്കിലും കഠിന പരിശ്രമത്തില്‍ തനിക്കിഷ്ടപ്പെട്ട ഫാസ്റ്റ് ബൗളിങ്ങില്‍ അയാള്‍ പുരോഗതി നേടിക്കൊണ്ടേയിരുന്നു. തൊലിയുടെ വെള്ള നിറം നോക്കി കളിക്കാരെ തെരഞ്ഞെടുത്തിരുന്ന ക്ലബുകള്‍ ഹില്‍ട്ടനെ പോലുള്ളവര്‍ക്കും അവസരം നല്‍കിത്തുടങ്ങി.

ഫസ്റ്റ് ക്ലാസ മത്സരങ്ങള്‍

1927 ല്‍ വെസ്റ്റിന്‍ഡീസില്‍ സന്ദര്‍ശനത്തിനു വന്ന ഇംഗ്ലീഷ് ടീമിനെതിരെയുള്ള ജമൈക്കയുടെ ടൂര്‍ മത്സരങ്ങളില്‍ ലസ്ലി ഹില്‍ട്ടനും ഉള്‍പ്പെട്ടു. തുടര്‍ച്ചയായ ഓള്‍റൗണ്ട് പ്രകടനങ്ങള്‍ ജമൈക്കന്‍ ടീമില്‍ അയാളുടെ സ്ഥാനം ഉറപ്പിച്ചു. 1928ല്‍ ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന്റെ ടെസ്റ്റ് അരങ്ങേറ്റ സീരീസില്‍ ടീമിലിടം നേടാന്‍ ട്രയല്‍ മാച്ചില്‍ ഹില്‍ട്ടണ്‍ കളത്തിലിറങ്ങിയെങ്കിലും പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായില്ല. നിരാശനാവാതെ പരിശ്രമിച്ചു കൊണ്ടിരുന്ന ഹില്‍ട്ടണ്‍ 1935ല്‍ തന്റെ 30ആം വയസ്സില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു.1939 വരെ നീണ്ട കരിയറില്‍ 6 ടെസ്റ്റില്‍ നിന്നായി 16 വിക്കറ്റുകളും നേടി.

റിട്ടയര്‍മെന്റ്, വിവാഹം-ദാമ്പത്യം

അന്താരാഷ്ട്ര ക്രിക്കറ്റര്‍ എന്ന ലേബല്‍ അയാള്‍ക്ക് ജമൈക്കന്‍ സിവില്‍ സര്‍വീസില്‍ ഒരു ജോലി ശരിയാക്കിക്കൊടുത്തു. ജീവിത സാഹചര്യം മെച്ചപ്പെട്ടതോടെ 1941ല്‍ ക്രിക്കറ്റിനോടു വിട പറഞ്ഞ ഹില്‍ട്ടന്‍ ഒരു പോലീസുകാരന്റെ മകളായ ലൂര്‍ലിന്‍ റോസിനെ 1942ല്‍ വിവാഹം ചെയ്തു. ഹില്‍ട്ടന്റെ നിറം ഭാര്യവീട്ടില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയതോടെ ഭാര്യാപിതാവിന് ഈ ബന്ധം അംഗീകരിക്കാന്‍ പറ്റാത്തതായി. 1947 ല്‍ ഇവര്‍ക്കൊരു മകന്‍ പിറന്നു. പിതാവിന്റെ മരണശേഷം ലൂര്‍ലിന്‍ റോസ് ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ ന്യൂയോര്‍ക്കിലേക്ക് പോവുകയും ലെസ്ലി മകനോടൊപ്പം ജമൈക്കയില്‍ കഴിയുകയും ചെയ്തു.

ദാമ്പത്യത്തിലെ ബവിള്ളലുകള്‍

1954- ഹില്‍ട്ടന് ഒരു ഊമക്കത്ത് ലഭിച്ചു. റോസ്, ന്യൂയോര്‍ക്കില്‍ റോയ് ഫ്രാന്‍സിസ് എന്നയാളുമായി അവിഹിത ബന്ധം ഉണ്ടെന്നതായിരുന്നു ആ അജ്ഞാതസന്ദേശം… ഉടന്‍ തന്നെ റോസിന് ടെലഗ്രാം ചെയ്ത ലെസ്ലി മടങ്ങിവരവ് ആവശ്യപ്പെട്ടു. തിരിച്ചെത്തിയ ലൂര്‍ലിന്‍ റോസ് ആരോപണങ്ങള്‍ നിഷേധിച്ചു ലെസ്ലിയുമായി സമരസപ്പെട്ടു കഴിഞ്ഞു.
അയാള്‍ പക്ഷേ തന്റെ സംശയങ്ങള്‍ ഉപേക്ഷിച്ചിരുന്നില്ല. റോസ് മടങ്ങുന്നതിന്റെ തലേന്ന് സ്വയരക്ഷക്കെന്ന പേരില്‍ ഒരു റിവോള്‍വര്‍ അയാള്‍ മേടിച്ചു.

അതിനിടയില്‍ തന്റെ തോട്ടക്കാരന്‍ വശം പോസ്റ്റ് ഓഫീസിലേക്ക് ഒരു കത്ത് റോസ് കൊടുത്തയക്കുന്നത് ലെസ്ലി കണ്ടെത്തിയിരുന്നു. അയാളത് തിരിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. റോസ് മടങ്ങുന്ന ദിവസം രാവിലെ ഇതേ ചൊല്ലി വാക്കു തര്‍ക്കമുണ്ടാവുകയും ലൂര്‍ലിന്‍ റോസ്, റോയ് ഫ്രാന്‍സിസുമായുള്ള തന്റെ അടുപ്പം തുറന്നു പറയുകയും ചെയ്തു. കോപാകുലനായ ലെസ്ലി ഒരു നിമിഷത്തെ വികാര വിക്ഷുബ്ധതയാല്‍ തന്റെ റിവോള്‍വര്‍ ഉപയോഗിച്ച് റോസിനെ തുടരെ വെടിവച്ചു.

അറസ്റ്റ്-വിചാര-വിധി

അറസ്റ്റിലായ ലെസ്ലി ഹില്‍ട്ടന്‍ മികച്ച അഭിഭാഷകരെ നിയമിച്ചെങ്കിലും അവരുടെ ഫീസ് അയാള്‍ക്ക് താങ്ങാനാവുമായിരുന്നില്ല. അബദ്ധത്തില്‍ നടന്ന കൊലപാതകമാണെന്ന് വാദം ബെഞ്ച് തള്ളിക്കളഞ്ഞു. ആറ് വെടിയുണ്ടകള്‍ നിറയ്ക്കാവുന്ന റിവോള്‍വര്‍ ആണെന്നിരിക്കേ, റോസിന്റെ ശരീരത്തില്‍ നിന്ന് കിട്ടിയ ഏഴാമത്തെ വെടിയുണ്ട ,അയാള്‍ തോക്ക് റീലോഡ് ചെയ്ത് ഉപയോഗിച്ചതിന് തെളിവായി പ്രോസിക്യൂഷന്‍ വാദിച്ചു. ഏഴാമത്തെ വെടിയുണ്ട താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ റോസിന് കിട്ടിയതാണെന്ന വാദം തള്ളി.

1954 ഒക്ടോബറില്‍ ജമൈക്കന്‍ കോടതി ഹില്‍ട്ടനെ വധശിക്ഷ ( തൂക്കുകയര്‍) ക്ക് വിധിച്ചു. മേല്‍ക്കോടതിയില്‍ അപ്പീലിന് പോയെങ്കിലും 1955 ജനുവരിയില്‍ അത് തള്ളപ്പെട്ടു. ഗവര്‍ണരുടെ ദയാഹര്‍ജിയും തള്ളപ്പെട്ടതോടെ, 1955 മെയ് 17 ന് വിധി നടപ്പാക്കാന്‍ ഉത്തരവായി.

അന്ത്യനാളുകള്‍

വിധിയുടെ നാളുകള്‍ അടുക്കുന്തോറും കടുത്ത ദൈവ വിശ്വാസിയായ ഹില്‍ട്ടന്‍ റോമന്‍ കാത്തലിക്ക് ചര്‍ച്ചില്‍ സ്വയം അര്‍പ്പിച്ചു…. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കാണാന്‍ വന്ന പഴയ സഹ താരം സ്‌ടോള്‍മേയര്‍ കണ്ടത് പുരോഹിതനെ പോലെ ളോഹ ധരിച്ച ലെസ്ലിയെ ആയിരുന്നു.

വിധി നടപ്പാക്കുന്ന ദിവസം ആരാധകര്‍ ജയില്‍ പരിസരത്ത് തടിച്ചു കൂടി. തന്റെ അവസാന ഭക്ഷണം അദേഹം നിരസിച്ചു. വിധി നടപ്പായ ശേഷം മൃതദേഹം ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിച്ചു.

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്‌സ്