ചാമ്പ്യൻസ് ലീഗിലെ നിർണായക പോരാട്ടത്തിനു മുൻപ് ബാഴ്സ താരത്തിന്റെ മുന്നറിയിപ്പ്

Image 3
Champions LeagueFeaturedFootball

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദ മത്സരത്തിൽ നാപോളിയെ നേരിടാനൊരുങ്ങുന്ന ബാഴ്സലോണ ടീമിനു മുന്നറിയിപ്പു നൽകി പ്രതിരോധതാരം ക്ലമന്റ് ലെങ്ലറ്റ്. ആദ്യപാദത്തിൽ ഇരു ടീമുകളും ഒരു ഗോളടിച്ചു സമനിലയിലായ മത്സരം സ്വന്തം മൈതാനത്താണു നടക്കുന്നതെന്നത് ബാഴ്സക്കു നേരിയ മുൻതൂക്കം നൽകുന്നുണ്ട്. എന്നാൽ നാപോളിയെ മറികടക്കണമെങ്കിൽ കറ്റലൻ ക്ലബ് കൂടുതൽ ശ്രദ്ധ പുലർത്തണമെന്നാണ് ലെങ്ലറ്റ് പറയുന്നത്.

“നാപോളി വളരെ കടുപ്പമേറിയ ടീം തന്നെയാണ്. ആദ്യപാദത്തിൽ നേടിയ എവേ ഗോളാണ് ബാഴ്സക്ക് ആകെയുള്ള മുൻതൂക്കം. എന്നാൽ സ്വന്തം മൈതാനത്ത് വളരെയധികം മികവു കാണിച്ചാൽ മാത്രമേ നല്ലൊരു റിസൾട്ട് ഉണ്ടാക്കി പോർച്ചുഗലിൽ നടക്കുന്ന ബാക്കി മത്സരങ്ങളിൽ മുന്നേറാൻ ബാഴ്സലോണക്കു കഴിയൂ.” ബാഴ്സ മീഡിയയോട് ലെങ്ലറ്റ് പറഞ്ഞു.

“വളരെയധികം ശ്രദ്ധ നൽകി കളിക്കുകയെന്നതു മാത്രമാണ് ബാഴ്സക്ക് മത്സരങ്ങളിൽ ചെയ്യാനുള്ളത്. അവസാന എട്ടിലെത്താൻ കഴിഞ്ഞാൽ പിന്നീട് നൂറു ശതമാനം ആത്മാർത്ഥതയോടെ കളിച്ചാൽ ബാഴ്സക്കു മുന്നേറാനാകും.” ഫ്രഞ്ച് പ്രതിരോധ താരം പറഞ്ഞു.

നാപോളി നിരയിൽ ബെൽജിയൻ താരം മെർട്ടൻസിനെ വളരെയധികം ശ്രദ്ധിക്കണമെന്നും ലെങ്ലറ്റ് പറഞ്ഞു. പ്രതിരോധത്തിൽ വളരെയധികം പ്രശ്നങ്ങളുണ്ടാക്കാൻ മെർട്ടൻസിനു കഴിയുമെന്നു പറഞ്ഞ ലെങ്ലറ്റ് ആദ്യ പാദത്തിൽ താരം നേടിയ ഗോളിനെക്കുറിച്ചും ഓർമിപ്പിച്ചു.