ഇത് പ്രീമിയർലീഗിലെ ‘ബിഗ് സിക്സ്’ മാതൃകയാക്കേണ്ടത്, വൈറലായി ലെയ്സസ്റ്റർ സിറ്റി ഉടമയുടെ എഫ്എ കപ്പ്‌ വിജയാഘോഷം

ചെൽസിയെ യൂരി ടിലെമാൻസിന്റെ ഏകഗോളിൽ തകർത്ത് ലൈസസ്റ്റർ എഫ്എ കപ്പ് കിരീടം ചൂടിയിരിക്കുകയാണല്ലോ. എന്നാൽ കിരീടവിജയത്തിലും താരമായിരിക്കുന്നത് മുപ്പത്തിയാറുകാരൻ ലൈസസ്‌റ്റർ സിറ്റിയുടെ തായ്‌ ഉടമയായ അയാവത് ഖുൻടോപ് ശിവധാനപ്രഭയാണ്‌.

ലൈസസ്റ്റർ സിറ്റിയുടെ കിരീടാഘോഷത്തിൽ പങ്കു ചേർന്നു വികാരദീനനായി ചാമ്പ്യൻസ്… ചാമ്പ്യൻസ്.. എന്നു താരങ്ങളോടൊപ്പം ഉറക്കെ ചാന്റുകൾ പാടുന്ന ഉടമയെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ലൈസസ്റ്റർ ഗോൾകീപ്പറും വിജയത്തിനു മുഖ്യപങ്കു വഹിച്ചവരിലൊരാളുമായ കാസ്പർ സ്‌മൈക്കലാണ് കിരീടാഘോഷത്തിന് തങ്ങളുടെ തായ് ഉടമയെയും ക്ഷണിച്ചത്.

ഒരു മടിയും കൂടാതെ പുഞ്ചിരിച്ചുകൊണ്ട് ലൈസസ്‌റ്റർ താരങ്ങളോടൊപ്പം ആഘോഷിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ ഫുട്ബോൾ ലോകം ഏറ്റെടുത്തു കഴിഞ്ഞു. പ്രീമിയർ ലീഗിലെ ബിഗ് സിക്സ് എന്നു വിളിപ്പേരുള്ള എല്ലാ ക്ലബ്ബുകളുടെ ഉടമകളും ഇതൊരു മാതൃകയാക്കേണ്ട ഒന്നാണെന്നുള്ള ചർച്ചയും ഉയർന്നു വന്നു കഴിഞ്ഞു.

ആരാധകരോടും ക്ലബ്ബിനോടും സ്നേഹവും കൂറും പുലർത്തുന്ന ഉടമകളെയാണ് ഫുട്ബോളിന് വേണ്ടതെന്നും ഇതൊരു മികച്ച മാതൃകയാണെന്നും ഫുട്ബോൾ ലോകം വിലയിരുത്തുന്നു. ലൈസസ്‌റ്ററിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ എഫ്എ കപ്പ്‌ വിജയമാണിത്.

You Might Also Like