റയൽ സൂപ്പർ താരത്തെ റാഞ്ചാൻ ലെസ്റ്റര്‍ സിറ്റി, വാർഡിക്കൊപ്പം കളിക്കും

Image 3
EPLFeaturedFootball

പ്രീമിയർ ലീഗ് ക്ലബായ ലൈസസ്റ്റർ സിറ്റി ലാലിഗ വമ്പന്മാരായ റയൽ മാഡ്രിഡിൽ നിന്നും യുവതാരമായ ലൂക്കാ ജോവിക്കിനെ റാഞ്ചാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. 31 മില്യൺ യൂറോക്കാണ് താരത്തെ ലെസ്‌റ്ററിലേക്കെത്തിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

ജർമൻ ബുണ്ടസ്‌ലീഗയിൽ മികച്ച ഗോൾവേട്ടക്കാരനായി തിളങ്ങിയിരുന്ന ജോവിക്കിനെ എൻട്രാക്ട് ഫ്രാങ്ക്ഫർട്ടിൽ നിന്നും 54 മില്യനാണു റയൽ മാഡ്രിഡ്‌ സ്വന്തമാക്കിയത്. എന്നാൽ റയൽ മാഡ്രിഡിൽ സിനദിൻ സിദാന്റെ കീഴിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിനായില്ല. കൊറോണ കാരണം പുതിയ നിയമങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന താരത്തിന് സെർബിയയിൽ നിന്നും തിരികെ റയൽ മാഡ്രിഡിലെത്താൻ സാധിക്കാത്തതിനാൽ ഈ സീസണിൽ ഇനി മാഡ്രിഡിനു വേണ്ടി കളിക്കാൻ സാധിക്കുകയില്ല.

റയലിൽ വന്നതിനു ശേഷം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ താരത്തിന് വരുന്ന പുതിയ ഓഫറുകൾ സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിനദിൻ സിദാൻ. റയലിനു മുമ്പേ ജോവിക്കിനെ കണ്ണുവെച്ചിരുന്ന ലെസ്റ്റർ സിറ്റി താരത്തിന് വേണ്ടി വീണ്ടും കളത്തിലിറങ്ങിയിരിക്കുകയാണ്.

സാഹചര്യങ്ങളിൽ വരുന്ന മാറ്റം താരത്തിന്റെ ഗോൾവേട്ടയിലെ മികവ് തിരിച്ചുകൊണ്ടുവരുമെന്നാണ് ലെസ്റ്റർ സിറ്റിയുടെ പരിശീലകൻ ബ്രെണ്ടൻ റോഡ്‌ജേഴ്സ് പ്രതീക്ഷിക്കുന്നത്. ആഴ്‌സണലും താത്പര്യം പ്രകടിപ്പിച്ചതോടെ താരത്തിന്റെ ഏജന്റുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്‌ ലെസ്റ്റർ സിറ്റി. 25 മത്സരങ്ങളിൽ നിന്നും റയലിനു വേണ്ടി രണ്ടു ഗോളുകൾ മാത്രം നേടിയ ജോവിക്കിന്റെ സേവനം അടുത്ത സീസണിൽ സൂപ്പർ താരം ജെയ്മി വാർഡിക്കൊപ്പം ഉണ്ടാവുമെന്നാണ് ലെസ്റ്റർ സിറ്റി പ്രതീക്ഷിക്കുന്നത്.