പ്രതിരോധ നിരയില്‍ മറ്റൊരു താരം കൂടി, ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപനം പുറത്ത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയെ കൂടുതല്‍ ശക്തിപ്പെടുത്തികൊണ്ട് 26കാരനായ മണിപ്പൂരി പ്രതിരോധ താരം യെന്ദ്രെമ്പം ദെനേചന്ദ്ര മേയ്‌തേ കേരള ബ്ലാസ്റ്റേഴ്സുമായി കരാറിലൊപ്പുവെച്ചു. തന്റെ പ്രാദേശിക ക്ലബ്ബിനായി പത്താം വയസ്സില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ആരംഭിച്ച മേയ്‌തേ അവിടെനിന്നും ജില്ലാ ടീമിലേക്ക് മുന്നേറി, തുടര്‍ന്ന് മണിപ്പൂര്‍ ഫുട്‌ബോള്‍ ടീമിന്റെ ഭാഗമായി യുവ, ദേശീയ മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു.

ലെഫ്റ്റ് ബാക്ക് കളിക്കാരനായ മേയ്‌തേ മോഹന്‍ ബഗാന്‍ എ.സി അക്കാദമിയിലെത്തിയതോടെ അദ്ദേഹത്തിന്റെ കഴിവുകള്‍ കൃത്യമായി കണ്ടെത്തി വികസിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹം പൂനെ എഫ്.സിയില്‍ ചേരുന്നതിന് മുമ്പ് ഒറീസയിലെ സാംബാല്‍പൂര്‍ അക്കാദമിയില്‍ ചേര്‍ന്നു. അവിടെ രണ്ട് തവണ അണ്ടര്‍ 19 ഐ-ലീഗ് കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു മേയ്‌തേ.

ഡിഫെന്‍സിവ് മിഡ്ഫീല്‍ഡ് സ്ഥാനത്തും പരിഗണിക്കാന്‍ കഴിയുന്ന വൈവിധ്യമാര്‍ന്ന പ്രതിരോധ താരമായ മേയ്‌തേ, 2013ല്‍ പൂനെ എഫ്.സിയിലൂടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ചര്‍ച്ചില്‍ ബ്രദേഴ്സിലെത്തിയ അദ്ദേഹം 15 മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ രണ്ട് സീസണുകളില്‍ യഥാക്രമം നെറോക എഫ്‌സി, ട്രാഉ എഫ്‌സി എന്നീ ക്ലബ്ബുകളിലൂടെ ഐ-ലീഗിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഇടത് കാല്‍ പ്രതിരോധ ഫുട്‌ബോളറായ മേയ്തേ അണ്ടര്‍ 13 ദേശീയ ടീമിനെ പ്രതിനിധീകരിച്ചിരുന്നു.

‘ഐഎസ്എല്‍ പോലുള്ള അഭിമാനകരമായ ലീഗിന്റെ ഭാഗമാകുക എന്നത് എനിക്ക് എല്ലായ്പ്പോഴും ഒരു സ്വപ്നമാണ്, മാത്രമല്ല വരാനിരിക്കുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഏറ്റവും മികച്ച കഴിവുകള്‍ പുറത്തെടുത്തുകൊണ്ട് ടീമിന്റെ വിജയത്തിന് സംഭാവന നല്‍കുവാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു . ക്ലബ്ബിന് രാജ്യമെമ്പാടും പ്രസിദ്ധമായ മികച്ച ആരാധകവൃന്ദമുണ്ട്, അവര്‍ക്ക് വേണ്ടി കളിക്കുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ‘ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ എത്തിയ ദെനേചന്ദ്ര മേയ്‌തേ പറഞ്ഞു.

‘ദെനേചന്ദ്ര മേയ്‌തേയെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. തന്റെ പൊസിഷനില്‍ വളരെ മികച്ചതും കഴിവുള്ളതുമായ കളിക്കാരനായ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നത് അഭിമാനത്തിന്റെ നിമിഷമാണ്, ഒപ്പം ഒരു വലിയ ഉത്തരവാദിത്തവും. ടീമിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹം എല്ലാ ശ്രമങ്ങളും, കഠിനാധ്വാനവും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ സീസണില്‍ വെല്ലുവിളികള്‍ നേരിടാനും, പ്രചോദിതനാകാനും അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ‘, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറയുന്നു.

You Might Also Like