പെട്ടിയിലെ മരതകത്തെ കൂമാനു വേണ്ട, ബാഴ്സ യുവപ്രതിഭക്കായി ബിയേൽസയുടെ ലീഡ്സ്

ബാഴ്സയിൽ റൊണാൾഡ്‌ കൂമാന്റെ വരവോടെ അവസരം കുറഞ്ഞ യുവതാരമാണ് റിക്കി പുജ്‌ എന്ന ഇരുപത്തൊന്നുകാരൻ. കൂമാന്റെ ഇഷ്ട ഫോർമേഷനായ 4-2-3-1ൽ താരത്തിനു യോജിക്കാത്തതായതിനാൽ പുജിനോട് കളിക്കളത്തിൽ മിനുട്ടുകൾ ലഭിക്കാനും കൂടുതൽ മെച്ചപ്പെടാനും ലോണിൽ പോവാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ ബാഴ്സയിൽ തന്നെ അവസരം കിട്ടുന്നതു വരെ തുടരാനായിരുന്നു റിക്കി പുജ്‌ജിന്റെ തീരുമാനം.

പ്രീസീസൺ മത്സരങ്ങളിൽ താരത്തിനു കുറച്ചു സമയം കളിക്കാനായെങ്കിലും അതിനു ശേഷം ഡൈനമോ കീവുമായിട്ടുള്ള കഴിഞ്ഞ ചാമ്പ്യൻസ്‌ലീഗ് മത്സരത്തിലാണ് താരത്തിനു കുറച്ചു സമയം പന്തു തട്ടാനായത്. എന്നാൽ താരത്തിന്റെ വളർച്ചക്ക് ഇതൊന്നും ശാശ്വതമല്ലെന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ വരുന്ന ജനുവരിയിൽ താരത്തിന്റെ ലോണിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് പുജ്‌ജിന്റെ ഏജന്റ്.

സ്പാനിഷ് മാധ്യമമായ ഡയാരിയോ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ ഏജന്റ് പ്രീമിയർ ലീഗിലേക്ക് ഇത്തവണ സ്ഥാനക്കയറ്റം ലഭിച്ച ബിയെൽസയുടെ ലീഡ്‌സുമായി താരത്തിന്റെ ലോൺ ഡീലിനായി ബന്ധപ്പെട്ടുവെന്നാണ് അറിയാനാകുന്നത്. പന്ത് കൈവശം വെച്ചു കളിക്കുന്ന ശൈലിക്ക് പേരുകേട്ട ബിയെൽസയുടെ ലീഡ്‌സിലേക്ക് ജനുവരിയിൽ തന്നെ കൂടുമാറുമെന്നാണ് റിപ്പോർടട്ടുകൾ സൂചിപ്പിക്കുന്നത്.

ലീഡ്‌സിനൊപ്പം ബുണ്ടസ്‌ലിഗ ക്ലബ്ബായ ആർബി ലൈപ്സിഗും ഫ്രഞ്ച് ക്ലബ്ബായ എഎസ് മൊണാകോയും താരത്തിന്റെ സേവനത്തിനായി ബാഴ്സയുടെ പിറകെയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്പെയിൻ താരമായ സെർജിയോ കനാലെസിനു പരിക്കേറ്റതോടെ താരത്തിനു പകരക്കാരനായി റയൽ ബെറ്റിസും റിക്കി പുജിനായി ബാഴ്‌സയെ സമീപിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

You Might Also Like