ലീഡ്സ് ഒരുങ്ങിത്തന്നെ, അർജന്റീനൻ സൂപ്പര്‍ താരത്തെ റാഞ്ചുന്നു

പതിനാറ് വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചു വരവിനൊപ്പം മികച്ച ടീമിനെ കെട്ടിപ്പടുക്കാനുള്ള ഒരുക്കത്തിലാണ് പരിശീലകൻ മാഴ്‌സെലോ ബിയേൽസക്കൊപ്പം ലീഡ്‌സ് യുണൈറ്റഡ്. 2004-ൽ തരംതാഴ്ത്തപ്പെട്ട ലീഡ്‌സ് യുണൈറ്റഡ് ഈ വർഷം പുതിയ സീസണിലേക്ക് പ്രീമിയർ ലീഗ് കളിക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ്.

യോഗ്യത നേടുന്നതിൽ മുഖ്യപങ്ക് വഹിച്ചത് അർജന്റൈൻ പരിശീലകൻ മാഴ്‌സെലോ ബിയെൽസയായിരുന്നു. മികച്ച ടീം പടുത്തുയർത്തുന്നതിന്റെ ഭാഗമായി ഈ ട്രാൻസ്ഫർ ജാലകത്തിൽ സ്പാനിഷ് സൂപ്പർ താരം റോഡ്രിഗോ മൊറേനോയെയും ലീഡ്‌സ് സ്വന്തം തട്ടകത്തിൽ എത്തിച്ചിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിൽ റെക്കോർഡ് തുക നൽകിയാണ് താരത്തെ ലീഡ്‌സ് സ്വന്തം തട്ടകത്തിൽ എത്തിച്ചിരിക്കുന്നത്. അതിനു തുടർച്ചയായി മറ്റൊരു താരത്തെ കൂടി ബിയെൽസ നോട്ടമിട്ടിരിക്കുകയാണ്.

ഇറ്റാലിയൻ ക്ലബ്ബായ ഉഡിനീസേയുടെ അർജന്റീനൻ മധ്യനിരതാരം റോഡ്രിഗോ ഡി പോളിനെയാണ് ലീഡ്‌സ് യുണൈറ്റഡ് സ്വന്തം തട്ടകത്തിലെത്തിക്കാൻ ഉദ്ദേശിക്കുന്നത്. ലീഡ്സ് ഉദിനീസേയുമായി ക്ലബ്‌ ചർച്ചകൾ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. അര്ജന്റീനക്കും ഉഡിനീസേക്കുമായി മികച്ച പ്രകടനമാണ് ഡീ പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രശസ്ത ഫുട്ബോൾ മാധ്യമപ്രവർത്തകൻ ഇറ്റലിക്കാരനായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ഇരുപത്തിയാറുകാരനായ താരത്തിന് വേണ്ടി 30-35 മില്യൺ യുറോയുടെ അടുത്താണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. ബിയെൽസക്ക് ഏറെ താല്പര്യമുള്ള താരമാണ് ഡീ പോൾ എന്നാണ് വിവരം. 2016 മുതൽ ഉദിനസിന്റെ ഒപ്പമുള്ള താരമാണ് ഡിപോൾ. ലീഡ്‌സിലേക്ക് ചേക്കേറുകയാണെങ്കിൽ താരത്തിന്റെ ആദ്യ പ്രീമിയർ ലീഗ് അനുഭവമായിരിക്കുമിത്.

You Might Also Like