സിൽവയെ നഷ്ടപ്പെട്ടെങ്കിലും യുണൈറ്റഡിന്റെ ബ്രസീലിയൻ താരത്തെ നോട്ടമിട്ട് ലാസിയോ

Image 3
FeaturedFootballSerie A

ഏറെ പ്രതീക്ഷിച്ച ട്രാൻസ്ഫറായിരുന്ന ഡേവിഡ് സിൽവ ലാലിഗ ക്ലബ്ബായ റയൽ സോസിഡാഡിലേക്ക് ചേക്കേറിയതോടെ പുതിയ താരത്തിനായി ലാസിയോ ശ്രമം തുടങ്ങിയിരിക്കുകയാണ്.  ഇറ്റലിയിൽ നിന്നും വരുന്നത് റിപ്പോർട്ടുകളനുസരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ  സൂപ്പർതാരം ആൻഡ്രിയാസ് പേരെരയെയാണ് ലാസിയോ നോട്ടമിട്ടിരിക്കുന്നത്.

15 വയസുമുതൽ യുണൈറ്റഡിന്റെ ഭാഗമായിരുന്ന യുവതാരത്തിനു ഡോണി വാൻ ഡി ബീക്കിന്റെ വരവോടു കൂടി പരിശീലകനായ ഒലെ ഗണ്ണാർ സോൽക്ഷേറിന്റെ കീഴിൽ അവസരം കുറഞ്ഞതോടെ ക്ലബ്ബ് വിടാനുള്ള തീരുമാനത്തിലെത്തി നിൽക്കുകയാണ്. യുണൈറ്റഡിൽ നിന്നും ലോണിലും  പിന്നീട് വാങ്ങാനുള്ള അവസരവുമുള്ള കരാറിനാണ് ലാസിയോ  ശ്രമിക്കുന്നത്.

ഇറ്റലിയിലേക്ക് ചേക്കേറാനായി ഉടൻ തന്നെ  താരത്തിന്റെ മെഡിക്കൽ യുണൈറ്റഡിൽ വെച്ചു നടക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുപത്തിനാലുകാരനായ താരത്തിന്   2020ൽ വെറും നാലു മത്സരങ്ങളാണ് ഒലേക്കു കീഴിൽ കളിക്കാനായത്. ഡേവിഡ് സിൽവക്കു പകരമായി  ബ്രസീലിയൻ താരമെത്തുന്നതിന്റെ ആവേശത്തിലാണ് ലാസിയോ പരിശീലകനായ ഇൻസാഗിയുമുള്ളത്.

“അദ്ദേഹത്തെ എനിക്കറിയാം, ഞങ്ങളെ സഹായിക്കാൻ സാധിക്കുന്ന മികവേറിയ കളിക്കാരൻ തന്നെയാണദ്ദേഹം. ഇപ്പോൾ ഞങ്ങളുടേതല്ലാത്ത തരത്തേക്കുറിച്ച് എനിക്ക് കൂടുതൽ സംസാരിക്കാനാവില്ല. ഭാഗ്യവശാൽ എല്ലാം നല്ലരീതിയിൽ ചെയ്യാൻ കഴിവുള്ള   ടാരെയെപ്പോലുള്ളവർ (സ്പോർട്ടിങ് ഡയറക്ടർ) ഞങ്ങൾക്കുണ്ട്. നമുക്ക് നോക്കാം അദ്ദേഹമത് ചെയ്യുമോ ഇല്ലയോയെന്നു.” ഇറ്റാലിയൻ മാധ്യമമായ ടുട്ടോ മെർകാറ്റോയോട് ഇൻസാഗി അഭിപ്രായപ്പെട്ടു.