സഞ്ജുവും ദേവ്ദത്തും എന്നെ അമ്പരപ്പിച്ചു, ലാറ ‘പച്ചക്ക് പറയുന്നു’
ഐ.പി.എല്‍ 13ാം സീസണിലെ തന്റെ പ്രിയപ്പെട്ട താരങ്ങളെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. ആറ് ഇന്ത്യന്‍ താരങ്ങളെയാണ് തന്റെ ഫേവറിറ്റുകളായി ലാറ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ രണ്ട് മലയാളി താരങ്ങളുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.
മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലുമാണ് ലാറയുടെ പട്ടികയില്‍ം ഇടംപിടിച്ചത്. സൂര്യകുമാര്‍ യാദവ്, കെ.എല്‍ രാഹുല്‍, പ്രിയം ഗാര്‍ഗ്, അബ്ദുള്‍ സമദ് എന്നിവരാണ് മറ്റ് നാല് താരങ്ങള്‍.
ലാറയുടെ ലിസ്റ്റില്‍ ഒന്നാമന്‍ രാജസ്ഥാന്‍ താരം സഞ്ജു സാംസണാണ്. ‘സഞ്ജു ബാറ്റ് ചെയ്യുന്ന രീതി എനിക്ക് ഏറെ ഇഷ്ടമാണ്. സഞ്ജുവിന് ഏത് ഷോട്ടും കളിക്കാനുള്ള കെല്‍പ്പും ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവും ടൈമിംഗുമുണ്ട്. അദ്ദേഹത്തിന്റെ പൊട്ടന്‍ഷ്യല്‍ ഗംഭീരമാണ്. ശരിക്കും പല ഷോട്ടുകള്‍ വിശ്വസിക്കാന്‍ പോലും പറ്റാത്തതാണ്. തീര്‍ച്ചയായും കൂടുതല്‍ ഉയരങ്ങളിലേക്ക് സഞ്ജു എത്തും.’ ലാറ പറഞ്ഞു. രണ്ടാം സ്ഥാനത്ത് മുംബൈയുടെ സൂര്യകുമാര്‍ യാദവാണ്. സൂര്യകുമാര്‍ കളിക്കുന്നത് ആസ്വദിക്കാറുണ്ടെന്ന് ലാറ പറഞ്ഞു.
ബാംഗ്ലൂരിന്റെ ഓപ്പണര്‍ ബാറ്റ്സ്മാന്‍ ദേവ്ദത്ത് പടിക്കലാണ് ലാറയുടെ ലിസ്റ്റിലെ മൂന്നാമന്‍. ‘ദേവ്ദത്ത് പടിക്കല്‍ വളരെധികം പൊട്ടന്‍ഷ്യലുള്ള കളിക്കാരനാണ്. കുറച്ച് കാര്യങ്ങള്‍ അദ്ദേഹം കളിയില്‍ മാറ്റിയെടുക്കാറുണ്ട്. ഐ.പി.എല്ലോ ടി20യോ നോക്കിയല്ല ഞാന്‍ ബാറ്റ്‌സ്മാനെ വിലയിരുത്താറുള്ളത്. ദേവ്ദത്ത് ടെസ്റ്റ് മത്സരങ്ങളും കളിക്കണം. മൂന്ന് സ്ലിപ്പ് അടക്കം ഫീല്‍ഡിംഗ് വരുമ്പോള്‍ കൂടുതല്‍ നന്നായി കളിക്കുക ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ദേവ്ദത്ത് ടി20 മാത്രമാണ് കളിക്കുന്നത്. തീര്‍ച്ചയായും ടെസ്റ്റും ദേവ്ദത്തിന് കളിക്കാന്‍ സാധിക്കും’ ലാറ പറഞ്ഞു.
ലാറയുടെ ലിസ്റ്റില്‍ നാലാമന്‍ പഞ്ചാബ് നായകന്‍ കെ.എല്‍ രാഹുലാണ്. രാഹുലിനെ കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ലെന്നും ഇന്ത്യന്‍ ടീമില്‍ അടിത്തറയുള്ള കളിക്കാരനാണ് രാഹുലെന്നും എപ്പോഴും താനത് പറയുന്നതാണെന്നും ലാറ പറഞ്ഞു. ഹൈദരാബാദ് താരം പ്രിയം ഗാര്‍ഗിന് മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുമെന്നും അതിനുള്ള കഴിവ് ഉണ്ടെന്നും ലാറ അഭിപ്രായപ്പെട്ടു. ഏറെ മികവുള്ള താരമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ അബ്ദുള്‍ സമദെന്നും ലാറ പറഞ്ഞു