മെസിയോട് ക്ഷമാപണം നടത്തി ലപോർട്ട, ബാഴ്‌സയുടെ വാതിലുകൾ താരത്തിന് മുന്നിൽ തുറക്കുന്നു

ഒട്ടും ആഗ്രഹിച്ച രീതിയിലല്ല ലയണൽ മെസി ബാഴ്‌സലോണ വിട്ടത്. കോപ്പ അമേരിക്ക കിരീടം നേടിയതിന്റെ സന്തോഷത്തിൽ ബാഴ്‌സയിൽ തിരിച്ചെത്തിയ താരം അറിയുന്നത് തന്റെ കരാർ പുതുക്കാൻ ക്ലബിന് കഴിയില്ലെന്നാണ്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ബാഴ്‌സലോണ ഇക്കാര്യം താരത്തെ അറിയിച്ചത്. അപ്രതീക്ഷിതമായ ഈ സംഭവത്തിൽ പതറിയ മെസി പിന്നീട് പിഎസ്‌ജിയിലേക്ക് ചേക്കേറുകയായിരുന്നു.

ബാഴ്‌സലോണ മെസിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ആരാധകർ അപ്പോൾ മുതൽ വളരെയധികം അതൃപ്‌തരായിരുന്നു. ക്ലബ് പ്രസിഡന്റായ ലപോർട്ടയും ടീമിലെ പ്രധാന താരമായിരുന്ന പിക്വയും ചേർന്നാണ് മെസിയെ ഒഴിവാക്കാനുള്ള തീരുമാനം എടുത്തതെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്തായാലും മെസിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടു തനിക്ക് തെറ്റു പറ്റിയെന്ന് ലപോർട്ട കഴിഞ്ഞ ദിവസം സമ്മതിച്ചു.

“ഒരു പ്രസിഡന്റ് എന്ന നിലയിൽ മെസിയെ ക്ലബിൽ നിന്നും ഒഴിവാക്കിയ രീതിയിൽ എനിക്കുള്ള പേര് അത്ര നല്ലതല്ല. ചില സമയങ്ങളിൽ നമുക്ക് ആഗ്രഹമില്ലെങ്കിൽ പോലും ഇതുപോലെയുള്ള തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതരാകും. ലയണൽ മെസിക്കറിയാം ബാഴ്‌സയുടെ വാതിലുകൾ എപ്പോഴും ക്ലബിന് മുന്നിൽ തുറന്നു കിടക്കുമെന്ന്. താരവുമായുള്ള ബന്ധം മികച്ചതാക്കാൻ ഇനി ശ്രമിക്കണം. നമുക്ക് നോക്കാം.” ലപോർട്ട പറഞ്ഞു.

ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കാൻ വിസമ്മതിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ലപോർട്ടയുടെ ഈ പ്രതികരണം. താരം ബാഴ്‌സയിലേക്ക് തിരിച്ചു പോകാനുള്ള സാധ്യതകൾ ഇത് വർധിപ്പിക്കുന്നു. എന്നാൽ ക്ലബിന്റെ സാമ്പത്തികസ്ഥിതി മോശമാണെന്നത് ബാഴ്‌സയ്ക്ക് വലിയ വെല്ലുവിളിയാണ്. ബാഴ്‌സയില്ലെങ്കിൽ മെസി ഏതു ക്ലബ്ബിലേക്ക് ചേക്കേറുമെന്ന ചോദ്യവും ആരാധകർ ഉയത്തിക്കൊണ്ടിരിക്കുന്നു.

You Might Also Like