എന്തു ചെയ്തിട്ടായാലും മെസിയെ ബാഴ്സയിൽ നിലനിർത്തും, മെസി ബാഴ്സയ്ക്കൊപ്പം വിജയിക്കാനാഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ലപോർട്ട

ചാമ്പ്യൻസ്‌ലീഗിലും ലാലിഗയിലും ബാഴ്സ മൽസരത്വരയില്ലാത്ത ഒരു ടീമായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷത്തിൽ മാറ്റത്തിനായി മുന്നിൽ നിന്ന വ്യക്തിയാണ് സൂപ്പർതാരം ലയണൽ മെസി. ക്ലബ്ബ് വിടണമെന്ന ആഗ്രഹവുമായി മെസി മുൻ പ്രസിഡന്റായ ബർതോമ്യുവിനെ സമീപിച്ചതും മത്സരത്വരയും ദീർഘവീക്ഷണവുമുള്ള ഒരു പ്രൊജക്റ്റ്‌ ബാഴ്സയിൽ ഉണ്ടാവാത്തത് കൊണ്ടു തന്നെയാണ്. അത് ഗോളിനു നൽകിയ എക്സ്‌ക്ലൂസീവ് ഇന്റർവ്യൂവിൽ ലയണൽ മെസി തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാൽ പുതിയ ബോർഡും മികച്ച ഒരു പ്രൊജക്റ്റും വന്നാൽ ലയണൽ മെസി ബാഴ്സയിൽ തന്നെ തുടരാനും ചിലപ്പോൾ കാരണമായേക്കാം. എന്നാൽ മെസിയുടെ വയസും ഈ തീരുമാനത്തിൽ ഒരു പ്രധാനഘടകമായി നിലനിൽക്കുന്നുണ്ട്. പുതിയ പ്രൊജക്റ്റ്‌ എന്തായാലും ഒന്നിലധികം വർഷത്തെ അടിസ്ഥാനമാക്കുന്നതാണെങ്കിൽ മെസി ക്ലബ്ബ് വിടാനുള്ള സാധ്യതയും എറിയേക്കാം. എന്നാൽ എന്തു ചെയ്തിട്ടായാലും മെസിയെ ബാഴ്സയിൽ തന്നെ നിലനിർത്തുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ ജൊവാൻ ലപോർട്ട. സ്കൈ സ്‌പോർട്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങൾക്ക് അതിനു ഒരു മത്സരത്വരയുള്ള സ്പോർട്ടിങ് ഓഫർ മുന്നോട്ടു വെക്കേണ്ടതുണ്ട്. അവനൊരു വിജയിയാണ്. ബാഴ്സയ്ക്കൊപ്പം എല്ലാം വിജയിക്കാൻ അവൻ ആഗ്രഹിക്കുന്നു. എനിക്ക് കഴിയാവുന്നത് എല്ലാം ഞാൻ ചെയ്യും. അവനിൽ ഒരുപാട് ആളുകൾ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നു എനിക്കറിയാം. ഒരു സുപ്രധാനമായ ഓഫർ തന്നെ ഞങ്ങൾക്ക് ആവശ്യമായി വന്നേക്കും. പണം ഒരിക്കലും കിരീടങ്ങൾ ഉറപ്പു നൽകുന്നില്ല. മെസി ചെലവിനെക്കാൾ കൂടുതൽ വരുമാനമാണ് ഉണ്ടാക്കിത്തരുന്നത്. ”

“ആകെയുള്ളതിന്റെ 8 ശതമാനം മാത്രമാണ് അവനു വേണ്ടി ചെലവ് വരുന്നത്. 30 ശതമാനത്തോളം വരുമാനം അവൻ ക്ലബ്ബിനുവേണ്ടി ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. അത് ബാഴ്സക്ക് ലാഭമാണുണ്ടാക്കുന്നതെങ്കിലും ഏറ്റവും പ്രധാനപ്പെട്ടതും വിലമതിക്കാനാവാത്തതുമായ കാര്യം നമ്മൾ ഒരു കുട്ടിയോട് ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരം ആരാണെന്നു ചോദിച്ചാൽ വളരെ പെട്ടെന്നു തന്നെ മെസി എന്നു മറുപടി നൽകുന്നതാണ്.” ലപോർട്ട
പറഞ്ഞു.

You Might Also Like