സിറ്റിക്കെതിരായ ചെൽസിയുടെ ദയനീയ തോൽവി, ലാംപാർഡിന്റെ പരിശീലകസ്ഥാനം തെറിക്കാനുള്ള സാധ്യതയേറുന്നു

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ  ഒന്നിനെതിരെ മൂന്നു ഗോളിന്റെ ദയനീയ തോൽവിയോടെ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ലാംപാർഡിന്റെ ചെൽസി. സിറ്റിക്കു മുമ്പേ അടുത്തിടെ എവെർട്ടണും വോൾവ്സിനും ആഴ്സണലിനുമെതിരെ തോൽവി രുചിക്കേണ്ടി വന്നതാണ് ചെൽസിക്ക് തിരിച്ചടിയായി മാറിയത്.

നിലവിൽ എവെർട്ടണും ആസ്റ്റൺ വില്ലക്കും താഴെയാണ് ചെൽസിയുടെ  സ്ഥാനം.  ഇവർക്ക് ഇനിയും ഒരു മത്സരം കൂടി ചെൽസിയേക്കാൾ കൂടുതൽ കളിക്കാനുണ്ടെന്നത് കൂടുതൽ തിരിച്ചടി നൽകുന്നുണ്ട്. തുടരെ തുടരേയുള്ള തോൽവികൾ ഫ്രാങ്ക് ലാംപാർഡിന്റെ ചെൽസിയിലെ പരിശീലകസ്ഥാനത്തിന് ഭീഷണിയായിട്ടുണ്ടെന്നാണ് പുതിയ വാർത്തകൾ ഉയർന്നു വരുന്നത്.

സമ്മർ ട്രാൻസ്ഫറിൽ 200 മില്യൺ യൂറോയിലധികം ചെലവഴിച്ചു നിരവധി പുത്തൻ താരോദയങ്ങളെ ചെൽസി സ്വന്തമാക്കിയിട്ടും ലാംപാർടിന് കീഴിൽ ചെൽസിക്ക് മികച്ച പ്രകടനം നടത്താൻ കഴിയാതെ പോകുന്നതാണ് തിരിച്ചടിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലാണ് കായ് ഹാവെർട്സ്, ടിമോ വെർണർ, ഹാകിം സിയെച്ച്, ബെൻ ചിൽവെൽ, എഡ്‌വാർഡ് മെൻഡി എന്നീ യുവപ്രതിഭകൾക്കൊപ്പം പരിചയ സമ്പന്നനായ തിയാഗോ സിൽവയേയും സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിക്കുന്നത്.

എന്നാൽ തുടക്കത്തിലേ മികവ് അടുത്തിടെയായി കളിക്കളത്തിൽ പ്രതിഫലിക്കാതെ പോയതാണ് ചെൽസിക്കും ലാംപാർഡിനും തിരിച്ചടിയായിരിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ അത്ലറ്റിക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം അടുത്തിടെ പിഎസ്‌ജി പുറത്താക്കിയ ജർമൻ പരിശീലകൻ തോമസ് ടൂഹലിനെ അടുത്ത പരിശീലകനാക്കാൻ ചെൽസി നോട്ടമിട്ടു കഴിഞ്ഞതതായാണ് അറിയാനാകുന്നത്. വിജയ പാതയിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ ലാംപാർഡിന്റെ സ്ഥാനം തെറിക്കാനുള്ള സാധ്യതയാണ് ഉയർന്നു വന്നിരിക്കുന്നത്.

You Might Also Like