ഹസാർഡ് – പുലിസിച്ച് താരതമ്യം ! ലമ്പാർഡിന് പറയാനുളളത്

പ്രീമിയര്‍ ലീഗില്‍ വാറ്റ്‌ഫോര്‍ഡിനെ മൂന്നു ഗോളിനു പരാജയപ്പെടുത്തി യുണൈറ്റഡിനെ പിന്തള്ളിചെല്‍സി നാലാം സ്ഥാനത്തേക്ക് കയറിയിരുന്നു. ഈ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അമേരിക്കന്‍ സൂപ്പര്‍ താരം ക്രിസ്ത്യന്‍ പുലിസിച്ചിനെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് ചെല്‍സി പരിശീലകന്‍ ഫ്രാങ്ക് ലാമ്പാര്‍ഡ്.

ബേണ്‍മൗത്തിനെ 5 – 2 തകര്‍ത്തു വിട്ട യുണെറ്റഡ് താത്കാലികമായി നാലാം സ്ഥാനത്തേക്ക് കയറിയെങ്കിലും ഒലിവര്‍ ജിറൂഡ്, വില്ലിയാന്‍, റോസ് ബാര്‍ക്ക്‌ലി എന്നിവരുടെ ഗോളില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ചെല്‍സി നാലാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. വാറ്റ് ഫോര്‍ഡുമായുള്ള കളിയില്‍ മികച്ച പ്രകടനം നടത്തിയ പുലിസിച്ച് ലോക്ഡൗണിനു ശേഷം ഗോളുകളും അസിസ്റ്റുകളുമായി ചെല്‍സിക്ക് വേണ്ടി തിളങ്ങി നില്‍ക്കുകയാണ്.

‘അവര്‍ രണ്ടു പേരും മികച്ച കളിക്കാരാണ്. ഇരുവരും തമ്മില്‍ താരതമ്യം ചെയ്യാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. ഹസാര്‍ഡ് ഇവിടെ കളിച്ചിരുന്ന താരമാണ് കൂടാതെ മികച്ച പ്രകടനവും കാഴ്ച വെച്ചിരുന്നു. ഹസാര്‍ഡുമായി താരതമ്യം ചെയ്യാറായിട്ടില്ലെങ്കിലും പുലിസിച്ച് പന്തുമായി മികച്ച വേഗതയില്‍ ഡ്രിബ്ബിലിങ് ചെയ്ത് മുന്നേറാനുള്ള കഴിവുള്ള കളിക്കാരനാണ്. ‘ ഹസാര്‍ഡുമായുള്ള പുലിസിച്ചിന്റെ സാമ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ ലമ്പാര്‍ഡ് പറഞ്ഞത് ഇപ്രകാരമാണ്.

പുലിസിച്ച് ഇനി കൂടുതല്‍ ഗോളുകളും അസിസ്റ്റിങ്ങിലും നടത്തുമെന്നും പരിക്കേല്‍ക്കാറുണ്ടെങ്കിലും അദ്ദേഹം മികച്ച കളിക്കാരനാണെന്നും ലാമ്പാര്‍ഡ് പറയുന്നു. പുലിസിച്ച് താന്‍ പൂര്‍ണ്ണ സംതൃപ്തനാണെന്നും ലമ്പാര്‍ഡ് കൂട്ടിചേര്‍ത്തു.

ഹസാര്‍ഡുമായി താരതമ്യം ചെയ്യുന്നതില്‍ പുലിസിച്ച് തന്നെ മുപടിയുമായി നേരത്തെ മുന്നോട്ട് വന്നിരുന്നു. താന്‍ എന്റേതായ രീതിയില്‍ കളിക്കുന്ന കളിക്കാരനാണെന്നും അങ്ങനെ അറിയപ്പെടാനാണ് ഇഷ്ടമെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

You Might Also Like