ഹാളണ്ട് ട്രാൻസ്ഫർ, യുദ്ധഭൂമിയിലേക്ക് തന്ത്രങ്ങളുമായി ലാംപാർഡും ചെൽസിയും

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ 200 മില്യൺ യൂറോയിലധികം ചെലവാക്കിയ ക്ലബ്ബാണ് പ്രീമിയർ ലീഗിലെ ചെൽസി. ചിൽവെല്ലും വെർണറും സിയെച്ചും ഹാവെർട്സും അടങ്ങുന്ന ഒരുപിടി യുവതാരങ്ങളെ സ്വന്തം തട്ടകത്തിലെത്തിക്കാൻ ചെൽസിക്കു സാധിച്ചിരുന്നു. എന്നാലിപ്പോൾ മറ്റൊരു സൂപ്പർതാരത്തെക്കൂടി സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ് ചെൽസി.

ഡോർട്മുണ്ട് സൂപ്പർതാരം എർലിംഗ് ഹാളണ്ടിനെയാണ് ചെൽസി നോട്ടമിട്ടിരിക്കുന്നത്. സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ലാംപാർഡ് ചെൽസി അധികൃതരോട് താരത്തിന്റെ ട്രാൻസ്ഫർ യാഥാർഥ്യമാക്കാൻ പരിശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ചെൽയുടെ നമ്പർ വൺ ടാർഗറ്റ് ഹാളണ്ട് ആയിരിക്കണമെന്നാണ് ലാംപാർഡിന്റെ ആവശ്യം.

നിലവിൽ ജർമൻ താരമായ ടിമോ വെർണർ മുന്നേറ്റം നിരയിൽ ലഭ്യമാണെങ്കിലും പ്രീമിയർ ലീഗിനോട് ഇണങ്ങിചേരാൻ താരത്തിനു ഇതുവരെയും സാധിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന താരത്തിനു മത്സരമെന്ന നിലക്കാണ് ചെൽസി താരത്തെ പരിഗണിക്കുന്നത്. 20ആം വയസിൽ തന്നെ സീനിയർ തലത്തിൽ നൂറു ഗോളുകൾ തികച്ച ഹാളണ്ട് ഒരു മികച്ച ഗോളടി യന്ത്രം തന്നെയാണ്.

ഇക്കാലയളവിൽ തന്നെ പല യൂറോപ്യൻ വമ്പന്മാരുടെയും ശ്രദ്ധ താരത്തിൽ പതിഞ്ഞിട്ടുണ്ടെന്നത് ചെൽസി നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. യൂറോപ്പിലെ ഭീമന്മാരായ റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും ഇപ്പോൾ തന്നെ താരത്തിനായി വലവിരിച്ചു കഴിഞ്ഞിട്ടുണ്ട്. ചെൽസി കൂടി താരത്തിനായി ശ്രമമരംഭിച്ചതോടെ ഹാളണ്ടിനായുള്ള മത്സരം ഒരു ട്രാൻസ്ഫർ യുദ്ധത്തിലേക്ക് വഴി തെളിയിക്കുകയാണ്.

You Might Also Like