മെസിയുടെ പിതാവിന് ലാലിഗയുടെ മറുപടി, റിലീസ് ക്ളോസിനെ സംബന്ധിച്ച് വീണ്ടും പ്രസ്താവനയിറക്കി

Image 3
FeaturedFootballLa Liga

സൂപ്പർ താരം ലയണൽ മെസിയുടെ പിതാവ് റിലീസ് ക്ലോസുമായി ബന്ധപ്പെട്ട് ലാലിഗക്കെതിരെ പ്രതികരണമറിയിച്ചിരിക്കുകയാണ്. ലാലിഗ പുറത്തു വിട്ട ഒരു പ്രസ്താവനക്കെതിരെ മറുചോദ്യവുമായിട്ടാണ് മെസിയുടെ പിതാവ് രംഗത്തെത്തിയിരിക്കുന്നത്. മെസ്സിയുടെ റിലീസ് ക്ലോസ് 700 മില്യൺ എന്നുള്ളത് നിലനിൽക്കില്ലെന്നും ലാലിഗയുടെ ഭാഗത്തു നിന്നുണ്ടായ തെറ്റാണെന്നുമായിരുന്നു പിതാവ് അറിയിച്ചത്.

വ്യക്തമായി പറഞ്ഞാൽ ഈ സീസൺ അവസാനത്തോട് കൂടി റിലീസ് ക്ലോസ് നിലനിൽക്കില്ലെന്നും മെസിക്ക് ഫ്രീ ഏജന്റായി ക്ലബ് വിടാനുള്ള അവകാശം ഉണ്ടെന്നുമായിരുന്നു ഈ പ്രസ്താവനയിലൂടെ മെസിയുടെ പിതാവ് ആരോപിക്കുന്നത്. എന്നാൽ മെസിയുടെ പിതാവിന്റെ പ്രസ്താവനക്കെതിരെ ലാലിഗ വീണ്ടും ഒരു മറുപടി പ്രസ്താവന ഇറക്കിയിരിക്കുകയാണ്.

മുമ്പത്തെ പ്രസ്താവനയിൽ ഒരു തെറ്റുമില്ലെന്നും അതേ പ്രസ്താവനയിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്നുമാണ് ലാലിഗ മറുപടി പ്രസ്താവനയിൽ വ്യക്തമാക്കിയത്. അതായത് മെസിക്ക് ഫ്രീ ഏജന്റായി ക്ലബ് വിടാനുള്ള അവസരം കരാർ പ്രകാരം ജൂണിൽ അവസാനിച്ചുവെന്നും ഇനി മെസിക്ക് ക്ലബ് വിടണമെങ്കിൽ റിലീസ് ക്ലോസ് ആയ 700 മില്യൺ യൂറോ ബാഴ്സക്ക് നൽകണമെന്നുമായിരുന്നു ലാലിഗയുടെ പ്രസ്താവന.

തങ്ങളുടെ മുമ്പത്തെ പ്രസ്താവനയിൽ അപാകതകളൊന്നുമില്ലെന്നും 700 മില്യൺ റിലീസ് ക്ലോസ് നിലനിൽക്കുമെന്നാണ് ലാലിഗ ഇപ്പോൾ വീണ്ടും വ്യക്തമാക്കിയത്. ഇതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്. ഒരു നിയമയുദ്ധത്തിലേക്കാണ് നിലവിൽ സാധ്യതകൾ കാണുന്നത്.