മെസി പോവുന്നത് ലാലിഗയെ മോശമായി ബാധിക്കില്ല, ബാധിക്കുക കൊറോണയുടെ തിരിച്ചുവരവെന്നു ലാലിഗ പ്രസിഡന്റ്

Image 3
FeaturedFootballLa Liga

കഴിഞ്ഞ ട്രാൻഫർ ജാലകത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച തീരുമാനമായിരുന്നു മെസി ബാഴ്സ വിടുകയാണെന്നത്. എന്നാൽ പിന്നീട് ഒരു സീസൺ കൂടി ബാഴ്സയിൽ തന്നെ തുടരാമെന്ന അന്തിമതീരുമാനത്തിലേതുകയായിരുന്നു. എന്നാലിപ്പോൾ മെസി ബാഴ്‌സ വിട്ടാലും ലാലിഗയെ അതു ഒരുതരത്തിലും ബാധിക്കില്ലായിരുന്നുവെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ലാലിഗ പ്രസിഡന്റായ ജാവിയർ ടെബാസ്.

ബാഴ്സ വിട്ടു പോയിരുന്നെങ്കിൽ അത് മെസിയെ തന്നെയാണ് മോശമായി ബാധിക്കുകയെന്നും ടെബാസ് അഭിപ്രായപ്പെട്ടു. മെസി ബാഴ്സയിൽ തന്നെ തുടരുകയാണെങ്കിൽ അത് ബാഴ്സയ്ക്ക് ഗുണമായേക്കുമെന്നും ടെബാസ് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ലാലിഗയെ സാമ്പത്തികമായി ബാധിക്കാൻ പോവുന്നത് കൊറോണയുടെ തിരിച്ചു വരവാണെന്നും ടെബാസ് അഭിപ്രായപ്പെട്ടു.

“ബാഴ്സ വിട്ടാൽ അത് മെസിക്ക് ഗുണകരമാവുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ എപ്പോഴും പറയുന്നത് പോലെ മെസിയെ ലാലിഗയിൽ തന്നെ കാണാനാണ് ആഗ്രഹം. ബാഴ്സയിൽ തന്നെ തുടരുകയാണെങ്കിൽ അതു ബാഴ്സക്ക് നല്ലത് കാര്യമാണ്. ബാഴ്സയുമായി ഒരു യോജിപ്പിലെത്തുന്നതാണ് മെസിക്കും ബാഴ്സയ്ക്കുമൊപ്പം ലാലിഗക്കും നല്ലത്. ബാഴ്സ വിടുന്നത് മെസിക്ക് ഗുണകരമായ ആശയമാണെന്ന് എനിക്കു തോന്നുന്നില്ല.”

“ഒരു കളിക്കാരാണെന്നനിലക്ക് ചിലപ്പോൾ അക്കാര്യം ശരിയാവാം. എന്നാൽ മെസി ഒരു വ്യവസായമെന്ന നിലക്ക് ഒരിക്കലുമായിരിക്കില്ല. തനിക്കു ചുറ്റും ഒരു വ്യവസായമുണ്ടാക്കുന്നതിൽ മെസി മിടുക്കനാണ്. പോയിരുന്നെങ്കിൽ അക്കാര്യം നടക്കുമായിരുന്നുവെന്നു ഉറപ്പില്ല. അവസാനം മെസി ഇവിടെ തന്നെ തുടരാനാണ് സാധ്യത. എങ്കിലും ഉറപ്പിച്ചു പറയാവുന്ന ഒരു കാര്യം അടുത്ത നാലു വർഷത്തേക്ക് ടീവി അവകാശങ്ങൾ ലോകമെമ്പാടും ലാലിഗ വിറ്റഴിച്ചിട്ടുണ്ടെന്നാണ്. മെസി പോവുമെന്ന് പറഞ്ഞപ്പോഴും ആരും ആ കരാർ ഒഴിവാക്കാനായി ഇതു വരെ ഞങ്ങളെ വിളിച്ചിട്ടില്ല. ആരും തന്നെ. എങ്കിലും അവസാനം ഇതൊരു ആരോഗ്യപരമായ ബുദ്ദിമുട്ടിൽ നിന്നും സാമ്പത്തികപരമായ മഹാമാരിയിലേക്ക് മാറിയേക്കാം. ” ടെബാസ് വ്യക്തമാക്കി.