മെസിയുമായി യുദ്ധമല്ല, മറ്റേതു താരമായാലും ഇതേ ചെയ്യുള്ളുവെന്നു ലാലിഗ പ്രസിഡന്റ്

സൂപ്പർ താരം ലയണൽ മെസിയുമായി ബന്ധപ്പെട്ട് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്ലാലിഗ പ്രസിഡന്റ്‌ ഹവിയർ ടെബാസ്. ഇറ്റാലിയൻ മാധ്യമമായ കൊറെയ്റ ഡെല്ലോ സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മെസിയെക്കുറിച്ച് മനംതുറന്നത്. മെസിയുടെ ട്രാൻസ്ഫറിൽ ലാലിഗ ഇടപെട്ടതിനർത്ഥം മെസ്സിയുമായുള്ള യുദ്ധമായി കണക്കാക്കരുതെന്നു ടെബാസ് ചൂണ്ടിക്കാണിക്കുന്നു.

എന്നും ലീഗിലെ മറ്റേത് താരമാണെങ്കിലും തങ്ങൾ ഇത് തന്നെയാണ് ചെയ്യുക എന്നുമാണ് ടെബാസ്‌ അറിയിച്ചത്. ലാലിഗ മറ്റേത് താരത്തെക്കാളും ക്ലബ്ബിനെക്കാളും വലുതാണെന്നും മുമ്പ് നെയ്മറും ക്രിസ്ത്യാനോയും ലാലിഗ വിട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മെസിയുടെ കാര്യത്തിൽ ലാലിഗ ഇടപ്പെട്ടത് ശരിയാണെങ്കിലും കാര്യങ്ങളെ ഊതിപ്പെരുപ്പിച്ച് വലുതാക്കിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

“ഞാനോരിക്കലും മെസിയുമായി യുദ്ധത്തിന് തീരുമാനിച്ചിട്ടില്ല. ലാലിഗയിലെ മറ്റേത് താരമായാലും ഞങ്ങൾ ഇങ്ങനെ തന്നെയാണ് ചെയ്യുക. ലാലിഗക്ക് അവരുടെ നിയമങ്ങൾ നിലനിർത്തിപ്പോവേണ്ടതുണ്ട്. വ്യക്തിപരമായി മെസിയുമായിട്ടോ ബാഴ്സയുമായിട്ടോ ഒരു പ്രശ്നവും ഞാൻ ഉദ്ദേശിച്ചിട്ടില്ല. കഴിഞ്ഞ 20 വർഷമായി ഇവിടെ ചരിത്രം രചിക്കുന്ന ഒരു താരവുമായി ഞാൻ എന്തിന് പ്രശ്നങ്ങളുണ്ടാക്കണം? ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ് മെസി. എന്റെ ഇടപെടൽ കരാറിനെ സംബന്ധിച്ചു മാത്രമായിരുന്നു. അത് പക്ഷെ മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചു വലുതാക്കുകയായിരുന്നു. മെസിയുടെ നിയമജ്ഞരുടെ ഭാഗത്താണ് തെറ്റ്. കരാർ വ്യക്തമാണ്.”

“എന്തൊക്കെയായാലും മെസി തുടരാൻ തീരുമാനിച്ചതിൽ ഞാൻ സന്തോഷവാനാണ്. ഒപ്പം അദ്ദേഹം നിയമയുദ്ധം ഒഴിവാക്കിയതും. ക്ലബും മെസ്സിയും തമ്മിലുള്ള ബന്ധം സാധാരണഗതിയിലേക്ക് തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അടുത്ത സമ്മർ ട്രാൻസ്ഫറിൽ ക്ലബ് വിടണോ വേണ്ടയോ എന്നുള്ളത് അദ്ദേഹത്തിന്റെ തീരുമാനമാണ്. അത്‌ കരാർ അനുവദിക്കുന്നുമുണ്ട്. അദ്ദേഹത്തിന്റെ ഇഷ്ടം പോലെ അദ്ദേഹത്തിന് തീരുമാനിക്കാം.ലാലിഗ മറ്റേത് താരത്തെക്കാളും ക്ലബ്ബിനെക്കാളും വലുതാണ് ” ടെബാസ് വ്യക്തമാക്കി.

You Might Also Like