ലാലിഗ അടിമുടി മാറും, പുതിയ നിയമങ്ങള്‍ ഇങ്ങനെ

കൊറോണ വൈറസ് തടസ്സപ്പെടുത്തിയ സ്പാനിഷ് ലാലിഗ പുനരാരംഭിക്കുമ്പോള്‍ കളിക്കാരെ കാത്തിരിക്കുന്നത് പുതിയ നിയമങ്ങള്‍. തിരക്ക് പിടിച്ച ഷെഡ്യൂളുകളിലേക്കാണ് കളിക്കാര്‍ രംഗപ്രവേശനം ചെയ്യുക എന്നതിനാല്‍ കളിക്കാരെ സഹായിക്കുന്ന തരത്തില്‍ ചിലമാറ്റങ്ങളാണ് ലാലിഗയില്‍ നടത്താന്‍ ആലോചിക്കുന്നത്.

ഇതില്‍ പ്രധാനം ഒരു മത്സരത്തില്‍ അഞ്ച് സബ്സ്റ്റിട്യൂട്ടുകളെ അനുവദിക്കാനുള്ള തീരുമാനം ആണ്. ഫുട്‌ബോളിലെ സ്ഥിരമായുള്ള മൂന്ന് സബ്ബുകള്‍ക്ക് പുറമെ രണ്ട് സബ്ബ് കൂടെ ഇനി ലാലിഗയില്‍ ഉപയോഗിക്കാം. ഈ സീസണ്‍ അവസാനം വരെ ആകും ഈ തീരുമാനം. നേരത്തെ ഫിഫയും ഇത്തരമൊരു തീരുമാനത്തിന് പച്ചക്കൊടി വീശിയിരുന്നു.

ഇതുകൂടാതെ താരങ്ങള്‍ പരസ്പരം കൈ കൊടുക്കുന്നതും നിരോധിക്കും. അതിനൊപ്പം ഗോള്‍ ആഹ്ലാദങ്ങള്‍ ചുരുക്കണം എന്നും നിര്‍ദ്ദേശമുണ്ട്. പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ടുള്ള ആഹ്ലാദങ്ങള്‍ ഉണ്ടാവരുത് എന്ന് കര്‍ശനമായ നിര്‍ദ്ദേശവും പുറപ്പെടുവിയ്ക്കും.

ജൂണ്‍ 20ന് ലാലിഗ പുനരാരംഭിക്കാന്‍ ആണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ഇനി സര്‍ക്കാരിന്റെ അനുവാദം കൂടെയാണ് ഇക്കാര്യത്തില്‍ ലഭിക്കാനുള്ളത്. .

You Might Also Like