ലാലിഗ താരം ബാബ, റയല്‍ അക്കാഡമിയില്‍ വളര്‍ന്ന ഫ്രാന്, ബ്ലാസ്റ്റേഴ്സ് റാഞ്ചുന്നത് വലിയ മീനുകള്‍

കൊച്ചി : എല്‍ഗോ ഷറ്റോയുടെ പിന്‍ഗാമിയായ കിബു വികൂനയുടെ വരവ് ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന്റെ അടിമുടി മാറ്റത്തിനാണ് വഴിവെക്കുക. കൊല്‍ക്കത്ത ക്ലബ് മോഹന്‍ ബഗാനില്നിന്നു കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ പരിശീലകനായെത്തുന്ന വിക്കൂനയ്ക്കൊപ്പം പഴയ പാളയത്തിലെ വിശ്വസ്തരുമുണ്ടായേക്കും.
ബഗാനില്‍ വിക്കൂനയുടെ തുറുപ്പുചീട്ടുകളായിരുന്ന സ്പാനിഷ് മിഡ്ഫീല്‍ഡര്‍മാരായ ഫ്രാന് ഗോണ്‍സാലെസ്, ഹോസെബ ബെയ്റ്റിയ, സെനഗലില്‍ നിന്നുള്ള സെന്റര്‍ ഫോര്‍വേഡ് ബാബാ ഡിയവാറ എന്നിവര്‍ ബ്ലാസ്റ്റേഴ്സില്‍ എത്തിയേക്കുമെന്നാണ് സൂചന.
സ്പാനിഷ് ലാ ലിഗയിലെ സെവിയ്യ, ലെവാന്തെ, ഗെറ്റാഫെ ക്ലബ്ബുകളില്‍ കളിച്ചിട്ടുള്ള ഡിയവാറ (32) ഐ ലീഗ് തുടങ്ങിയ ശേഷം പകരക്കാരന് സ്ട്രൈക്കറായാണു ബഗാനിലെത്തിയത്. റയല്‍ മഡ്രിഡിന്റെ അക്കാദമിയിലൂടെ വളര്‍ന്ന ഫ്രാന് ഗോണ്‍സാലെസ് (31) റയല്‍ സരഗോസ, ഡിപോര്‍ട്ടീവോ ടീമുകളില്‍ കളിച്ചാണ് ഇന്ത്യയിലെത്തിയത്.
ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണ്. ഹോസെബ, റയല്‍ സോസിദാദിന്റെ താരമായിരുന്നു. സെന്‍ട്രല്‍ മിഡ്ഫീല്‍ഡറാണ് ഈ ഇരുപത്തിയൊന്പതുകാരന്.