യൂറോക്ക് റൊണാൾഡോയെ നഷ്ടമായി; ഇനിയെന്ത്? പരിശീലകൻ പറയുന്നു

Image 3
Euro 2020

ബെൽജിയത്തിനെതിരായ പ്രീക്വാർട്ടർ തോൽവിക്ക് ശേഷം ഡ്രസിങ് റൂമിലേക്ക് നടന്നടുക്കുന്ന ക്രിസ്റ്റിയാനോ റൊണാൾഡോയെ അടുത്തുവന്ന് കെട്ടിപ്പിടിച്ചു റൊമേലു ലുക്കാക്കു പറഞ്ഞു. “തളരരുത്, നിങ്ങൾ വലിയ താരമാണ്”. എതിർതാരത്തോട് ഒറ്റവാക്കിൽ നന്ദിപറഞ്ഞു ആ വലിയ മനുഷ്യൻ ഡ്രസിങ് റൂമിലേക്ക് നടന്നകന്നു. പതിവില്ലാത്തവിധം നിരാശനായി കാണപ്പെട്ട റൊണാൾഡോ പോകുംവഴി ക്യാപ്റ്റൻ ആംബാൻഡ്‌ തറയിലിട്ട് ചവിട്ടുന്നത് കാണാമായിരുന്നു.

https://twitter.com/dhruvzz8/status/1409254765981229058?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1409254765981229058%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fpavilionend.in%2Flukaku-confronts-ronaldo-after-euro-defeat%2F

ബെൽജിയത്തോട് ഏറ്റ ഒറ്റത്തോൽവി മാത്രമല്ല നിരാശക്ക് കാരണം എന്ന് വ്യക്തമാണ്. 15 വർഷത്തിലധികം നീണ്ട കരിയറിൽ ജയപരാജയങ്ങൾ ഒട്ടേറെ കണ്ട താരമാണ് റോണോ. എന്നാൽ നീണ്ട കരിയറിൽ ഇത്രയധികം വറ്റിവരണ്ട, എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും തന്നെയില്ലാത്ത വർഷങ്ങൾ റൊണാൾഡോയ്ക്ക് ആദ്യാനുഭവമാണ്.

2016 യൂറോകപ്പ് നേടിയ പോർചുഗലിനെക്കാളും എന്തുകൊണ്ടും താരനിബിഢമായിരുന്നു ഇത്തവണ പറങ്കിപ്പട. ബെർണാർഡോ സിൽവ, ഡിയാഗോ ജോട്ട, ബ്രൂണോ ഫെർണാണ്ടസ് അടക്കമുള്ള താരങ്ങൾ പിന്തുണക്കാനുള്ളപ്പോൾ കപ്പ് നിലനിർത്താനാവുമെന്ന് റൊണാൾഡോ എന്തുകൊണ്ടും പ്രതീക്ഷിച്ചിട്ടുണ്ടാവും. മരണഗ്രൂപ്പിനെ അതിജീവിച്ചെത്തി, തോഗൻ ഹസാർഡിന്റെ ഒറ്റ ഗോളിന് മുന്നിൽ തീരേണ്ടതായിരുന്നില്ല യഥാർത്ഥത്തിൽ പോർച്ചുഗലിന്റെ സുവർണ നിര.

സീസണിൽ 40 ഗോളുകൾ ക്ലബ്ബിനായും, രാജ്യത്തിനായും അടിച്ചു കൂട്ടിയിട്ടും പറയത്തക്ക നേട്ടങ്ങളൊന്നും തന്നെ റൊണാൾഡോക്ക് സ്വന്തമായില്ല. ഇറ്റാലിയൻ ലീഗിൽ അറ്‌ലാന്റാക്കും പിന്നിൽ നാലാമതാണ് യുവന്റസ്. ഇറ്റാലിയൻ കപ്പും ഇറ്റാലിയൻ സൂപ്പർ കപ്പും മാത്രമാണ് നേട്ടമായി ഉയർത്തിക്കാട്ടാനുള്ളത്.

2017 ജൂണിലെ ആ രാത്രിയിൽ യുവന്റസിനും ചാമ്പ്യൻസ് ലീഗ് കപ്പിനുമിടയിൽ റയലിന്റെ വെള്ള ജേഴ്‌സിയിൽ റൊണാൾഡോ നിന്ന ഒറ്റക്കാരണം കൊണ്ടാണ് ഇറ്റാലിയൻ വമ്പന്മാർ മോഹവില കൊടുത്ത് റൊണാൾഡോയെ സ്വന്തമാക്കിയത്. എന്നാൽ യുവന്റസിനെ ഇത്തവണ ലീഗ് ചാമ്പ്യന്മാരാക്കാൻ പോലും റൊണാൾഡോയ്ക്ക് സാധിച്ചില്ല. ഈ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോളർ പുരസ്കാരം കയ്യെത്തിപ്പിടിക്കാവുന്നതിലും അപ്പുറമാണെന്ന് റൊണാൾഡോക്ക് അറിയാം.

യൂറോയിൽ മികച്ച തുടക്കമാണ് താരത്തിന് ലഭിച്ചത്. അഞ്ചുഗോളുകളുമായി ടൂർണമെന്റിന്റെ ടോപ് സ്‌കോറർ ആണ് നിലവിൽ താരം. റൊണാൾഡോ സ്കോറിങ് തുടരുകയും പോർച്ചുഗൽ യൂറോ നിലനിർത്തുകയും ചെയ്തിരുന്നെങ്കിൽ ഒരുപക്ഷെ, ഈ വർഷത്തെ മികച്ച താരം ഒരിക്കൽ കൂടി റൊണാൾഡോ ആയിരുന്നേനെ. എന്നാൽ ദൗർഭാഗ്യത്തിന്റെ അകമ്പടിയോടെ യൂറോയ്ക്ക് പുറത്ത് പോവുമ്പോൾ ആരാധകരുടെ മനസ്സിൽ ഒരു ചോദ്യമുണ്ട്, ഇനിയെന്ത്?

റൊണാൾഡോ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസിന് മറുപടിയുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിൽ റൊണാൾഡോ ശക്തമായി തിരിച്ചുവരുമെന്നാണ് സാന്റോസ് പറയുന്നത്.

2016ൽ യൂറോ നേടിയ ശേഷം 2018ൽ ലോകകപ്പിൽ ഇതേ ഘട്ടത്തിൽ തന്നെയാണ് ഞങ്ങൾ പുറത്തായത്. എന്നാൽ 2019ൽ നേഷൻസ് ലീഗ് നേടിയാണ് പോർച്ചുഗൽ തിരിച്ചുവരവ് നടത്തിയത്. അതുപോലെ തന്നെ റൊണാൾഡോയുടെ ചിറകിലേറി പോർച്ചുഗൽ 2021 ലോകകപ്പ് നേടും. സാന്റോസിന് ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല.

2021 ലോകകപ്പിൽ ബൂട്ട് കെട്ടുമ്പോൾ റൊണാൾഡോക്ക് പ്രായം 37 ആയിട്ടുണ്ടാവും. ഒരു ലോകകപ്പ് കൂടി നേടി ഐതിഹാസികമായ കരിയറിന് അന്ത്യം കുറിക്കാൻ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരന് ബാല്യമുണ്ടാവട്ടെ.