ബാഴ്‌സക്ക് കനത്ത തിരിച്ചടി, റയല്‍ ഒന്നാമത്
ലാലിഗയില്‍ നിര്‍ണ്ണായക വിജയം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. റയല്‍ സൊസീഡാസിനെതിരെ എവേ മത്സരത്തില്‍ വിജയം സ്വന്തമാക്കിയതോടെ പോയന്റ് ടേബിളില്‍ ബാഴ്‌സയെ മറികടന്ന് റയല്‍ മാഡ്രിഡ് ഒന്നാമതെത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് റയല്‍ സൊസീഡാസിനെ തകര്‍ത്തത്.
റയലിനായി നായകന്‍ റാമോസും കരീം ബെന്‍സീമയുടമാണ് ഗോള്‍ നേടിയത്. കഴിഞ്ഞ മത്സരത്തിലേത് പോലെ തന്നെ രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം പിറന്നത്.
50ാം മിനിറ്റിലാണ് റയല്‍ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. പെനാള്‍റ്റിയിലൂടെ റാമോസാണ് റയലിനെ മുന്നിലെത്തിച്ചത്. പിന്നീട് 70ാം മിനിറ്റില്‍ കരീം ബെന്‍സേമ രണ്ടാം ഗോളും നേടി. ഇതിനിടെ റയല്‍ സൊസീഡാസ് ഒരു ഗോള്‍ നേടിയെങ്കിലും വാറില്‍ പരിശോധിച്ച് ഓഫ് സൈഡെന്ന് വിളിക്കുകയായിരുന്നു. പിന്നീട് മെറീനോയാണ സൊസീഡാസിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.
ഇതോടെ ഫുട്‌ബോള്‍ പുനരാരംഭിച്ച ശേഷം റയല്‍ തുടര്‍ച്ചയായി നേടുന്ന മൂന്നാം ജയമാണിത്. ഈ വിജയത്തോടെ റയല്‍ 30 മത്സരങ്ങളില്‍ നിന്ന് 65 പോയന്റുമായാണ് ഒന്നാം സ്ഥാനത്തുളളത്. ബാഴ്‌സക്കും അതേ പോയന്റ് തന്നെ ഉണ്ടെങ്കിലും ഹെഡ് ടു ഹെഡ് മികവ് പരിഗണിച്ച് റയല്‍ ഒന്നാമതെത്തുകയായിരുന്നു.