നെയ്മറിനെയല്ല, ബയേൺ പേടിക്കേണ്ടത് എംബാപ്പെയെ, കണക്കുകൾ പറയുന്നു
സൂപ്പർതാരം നെയ്മറിന്റെ വ്യക്തിഗതമികവിനൊപ്പം ചാമ്പ്യൻസ്‌ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പിഎസ്‌ജിയുടെ വജ്രായുധമാണ് കിലിയൻ എംബാപ്പേയെന്ന ഇരുപത്തിയൊന്നുകാരൻ. അറ്റലാന്റക്കെതിരെ നെയ്മർ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചിട്ടും ഗോൾനേടാൻ കഴിഞ്ഞത് എംബാപ്പെയുടെ വരവിനു ശേഷമാണെന്നത് താരത്തിന്റെ പ്രഭാവത്തെയാണ് കാണിക്കുന്നത്.
താരത്തിന്റെ ചാമ്പ്യൻസ്‌ലീഗിലെ കണക്കുകളും സൂചിപ്പിക്കുന്നത് അതാണ്. 2016/17 സീസൺ മുതലാണ് ഈ താരം ചാമ്പ്യൻസ് ലീഗിൽ പന്തുതട്ടി തുടങ്ങിയത്. അന്ന് മുതൽ ഇന്ന് വരെ 34 മത്സരങ്ങൾ താരം കളിച്ചു. ഇതിൽ നിന്നായി 19 ഗോളുകളും 13 അസിസ്റ്റുകളും എംബാപ്പെ നേടികഴിഞ്ഞു. അതിനർത്ഥം 34 മത്സരങ്ങളിൽ നിന്ന് 32 ഗോൾപങ്കാളിത്തമുണ്ടന്നർത്ഥം.
ONE STEP TO MAKE HISTORY… pic.twitter.com/Itq4Nupymi
— Kylian Mbappé (@KMbappe) August 18, 2020
2016/17 സീസൺ തൊട്ടുള്ള കണക്കുകൾ പ്രകാരം ക്രിസ്ത്യാനോ റൊണാൾഡോ 47 ഗോൾ പങ്കാളിത്തവും, ലെവന്റോസ്ക്കി 43 ഗോൾ പങ്കാളിത്തവും മെസ്സി 42 ഗോൾപങ്കാളിത്തവും നെയ്മർ 35 ഗോൾപങ്കാളിത്തവുമാണുള്ളത്. കുറഞ്ഞ കാലയളവിൽ തന്നെ ഇവരോടൊപ്പമെത്തുന്ന പ്രകടനമാണ് എംബാപ്പെ നടത്തിയിട്ടുള്ളത്.
ഇത്തവണ ചാമ്പ്യൻസ് ലീഗിൽ എംബാപ്പെ ഇതുവരെ അഞ്ച് ഗോളും അഞ്ച് അസിസ്റ്റും എംബാപ്പേ നേടിയിട്ടുണ്ട്. ഇനി ഡ്രിബ്ലിങ് കണക്കുകളെടുത്താലും എംബാപ്പെ ഒട്ടും പിറകിലല്ല. ഈ സീസണിൽ ഓരോ മത്സരത്തിലും അഞ്ചിൽ കൂടുതൽ വിജയകരമായ ഡ്രിബ്ലിങ് നടത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ. ചാമ്പ്യൻസ് ലീഗിൽ ഓരോ 90 മിനിട്ടിലും 4.3 എന്ന തോതിൽ താരം ഡ്രിബ്ലിങ് നടത്തുന്നുണ്ട്. എന്തായാലും നെയ്മറിനൊപ്പം എംബാപ്പെയുടെ വേഗമേറിയ ഡ്രിബ്ലിങ് മുന്നേറ്റങ്ങളും ബയേണിനു ഭീഷണിയാകുമെന്നുറപ്പാണ്.