തകര്‍പ്പന്‍ പ്രകടനവുമായി ഐപിഎല്‍ താരങ്ങള്‍ , പഞ്ചാബ് സെമിയില്‍

Image 3
CricketCricket News

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കര്‍ണാടകയെ തകര്‍ത്ത് പഞ്ചാബ് സെമിയില്‍. ഐപിഎല്‍ താരങ്ങള്‍ പഞ്ചാബിനായി മിന്നിതിളങ്ങിയപ്പോള്‍ അനായാസമായിരുന്നു പഞ്ചാബിന്റെ ജയം. ഒമ്പത് വിക്കറ്റിനാണ് ക്വാര്‍ട്ടറില്‍ പഞ്ചാബ് കര്‍ണാടകയെ തകര്‍ത്തത്.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കര്‍ണാടകയെ 17.2 ഓവറില്‍ വെറും 87 റണ്‍സിന് പഞ്ചാബ് എറിഞ്ഞിടുകയായിരുന്നു. 7 റണ്‍സെടുത്ത അനിരുദ്ധ ജോഷിയാണ് ടോപ്സ്‌കോറര്‍. റോയല്‍ ചാലഞ്ചഴ്സ് ബാംഗ്ലൂരിന്റെ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ (11), കരുണ്‍ നായര്‍ (12), ശ്രേയസ് ഗോപാല്‍ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

പഞ്ചാബിനായി സണ്‍റൈസഴ്സ് ഹൈദരാബാദ് പേസര്‍ സിദ്ധാര്‍ഥ് കൗളാണ് മൂന്നു വിക്കറ്റുമായി പഞ്ചാബിന്റെ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 15 റണ്‍സ് മാത്രം നവഴങ്ങി കൗള്‍ മൂന്നു വിക്കറ്റെടുത്തു. സന്ദീപ് ശര്‍മ, അര്‍ഷ്ദീപ് സിങ്, രമണ്‍ദീപ് സിങ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

മറുപടി ബാറ്റിങില്‍ പഞ്ചാബിന്റെ തുടക്കം മോശമായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ അഭിഷേക് ശര്‍മയെ അവര്‍ക്കു നഷ്ടമായി. എന്നാല്‍ കിങ്സ് ഇലവന്‍ പഞ്ചാബ് താരങ്ങളായ പ്രഭ്സിമ്രന്‍ സിങും (49*) നായകന്‍ മന്‍ദീപും (35*) ചേര്‍ന്ന് പഞ്ചാബിനെ അനായാസ വിജയത്തിലെത്തിച്ചു. 12.4 ഓവറില്‍ അപരാജിതമായ രണ്ടാം വിക്കറ്റില്‍ 85 റണ്‍സാണ് മന്‍ദീപ്- പ്രഭ്സിമ്രന്‍ സഖ്യം ചേര്‍ന്നെടുത്തത്.

37 ബോളില്‍ മൂന്നു സിക്സറും രണ്ടു ബൗണ്ടറികളുമടക്കമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ പ്രഭ്സിമ്രന്‍ 49 റണ്‍സെടുത്തതെങ്കില്‍ മന്‍ദീപ് 33 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്സറും പായിച്ചു. ബറോഡയും ഹരിയാനയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയികളാണ് സെമിയില്‍ പഞ്ചാബിന്റെ എതിരാളികള്‍.