സഞ്ജുവിന്റെ പുറത്താകല്‍, ഒടുവില്‍ മൗനം മുറിച്ച് സംഗക്കാര

Image 3
CricketCricket News

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ പുറത്തായതിനെ ചൊല്ലി വിവാദങ്ങള്‍ ചൂടുപിടിയ്ക്കുകയാണല്ലോ. ഒടുവില്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് മെന്ററും ക്രിക്കറ്റ് ഡയറക്ടറുമായ കുമാര സംഗക്കാര.

സഞ്ജു പുറത്തായതിനെ ചൊല്ലി വിവാദത്തിന് അര്‍ത്ഥമില്ലെന്നും സഞ്ജു ഇങ്ങനെ പുറത്തായാലും മത്സരം ജയിക്കാന്‍ തങ്ങള്‍ക്ക് കഴിയണമായിരുന്നെന്നും സംഗക്കാര പറഞ്ഞു.

‘ഇത് റീപ്ലേകളും ആംഗിളുകളും ആശ്രയിച്ചിരിക്കുന്നു; ചിലപ്പോള്‍ റോപ്പില്‍ കാല്‍ തൊട്ടതായി നിങ്ങള്‍ കരുതുന്നു. മൂന്നാം അമ്പയര്‍ക്ക് വിധിക്കാന്‍ പ്രയാസമാണ്. കളി നിര്‍ണായക ഘട്ടത്തിലായിരുന്നു; ക്രിക്കറ്റില്‍ സംഭവിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടാകും. അവസാനം മൂന്നാം അമ്പയര്‍ എടുത്ത തീരുമാനം നമ്മള്‍ അംഗീകരിക്കണം’ സംഗക്കാര പറഞ്ഞു.

‘ഞങ്ങള്‍ക്ക് മറ്റെന്തെങ്കിലും തരത്തിലുള്ള അഭിപ്രായമുണ്ടെങ്കില്‍, ഞങ്ങള്‍ അത് അമ്പയര്‍മാരുമായി പങ്കുവെക്കുകയും പരിഹരിക്കുകയും ചെയ്യും. ആ പുറത്താക്കല്‍ പരിഗണിക്കാതെ, ഞങ്ങള്‍ ഗെയിം ജയിക്കണമായിരുന്നു. പക്ഷേ ഡല്‍ഹി നന്നായി കളിച്ചു, അവസാനം വരെ പോരാടി. അവര്‍ വളരെ മിടുക്കരായിരുന്നു. നന്നായി ബൗള്‍ ചെയ്തു’ മത്സരത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ സംഗക്കാര പറഞ്ഞു.

മത്സരത്തില്‍ 46 പന്തില്‍ 86 റണ്‍സുമായി ക്രീസില്‍ നില്‍ക്കെ സിക്‌സ് അടിക്കാനുളള തീരുമാനമാണ് നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചത്. പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് സിക്സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കുകയായിരുന്നു.

എന്നാല്‍ ക്യാച്ചെടുത്തശേഷം നിയന്ത്രണം നഷ്ടമായ ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ ചവിട്ടിയെന്നാണ് ആരാധകരുടെ വാദം. ഇല്ലെന്ന് മറ്റൊരു വാദം. .

ഇതോടെ അമ്പയര്‍മാരുമായി സംസാരിച്ചെങ്കിലും സഞ്ജുവിന് ഒടുവില്‍ മടങ്ങേണ്ടി വന്നു. സഞ്ജു പുറത്തായതോടെ രാജസ്ഥാന്‍ റോയല്‍സിന് 20 റണ്‍സ് അകലത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നു. മത്സരത്തില്‍ അമ്പയറോട് തര്‍ക്കിച്ചതിന് സഞ്ജുവിന് പിഴശിക്ഷയും ബിസിസിഐ വിധിച്ചു.