അവന്റെ കാര്യം എന്തൊരു ദുരന്തമാണ്, ഓര്‍ക്കാന്‍ കൂടി വയ്യ, നിസഹായത വെളിപ്പെടുത്തി ഇന്ത്യന്‍ താരം

ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ചുളള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഏറ്റവും ഒടുവില്‍ മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറാണ് തന്റെ ദുഖം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

കുല്‍ദീപ് യാദവിനെ സഹായിക്കാന്‍ തനിക്കു സാധിക്കില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ അവസ്ഥ ഓര്‍ത്ത് സങ്കടം തോന്നുന്നതായും വസീം ജാഫര്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് ജാഫര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഏറെക്കാലം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുണ്ടെങ്കിലും കുല്‍ദീപ് യാദവിന് മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. സഹായിക്കാനാകില്ലെങ്കിലും കുല്‍ദീപ് യാദവിന്റെ അവസ്ഥയോര്‍ത്തു ദുഃഖമുണ്ട്. ഓഗസ്റ്റ് മുതല്‍ അദ്ദേഹം ടീമിനൊപ്പം ബയോ ബബിളില്‍ തുടരുന്നു, ഒരിടത്തുനിന്നും വേറൊരിടത്തേക്കു സഞ്ചരിക്കുന്നു. എന്നാല്‍ സ്വന്തം കഴിവു തെളിയിക്കാന്‍ ഒരു അവസരം മാത്രം ലഭിച്ചിട്ടില്ല ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രതീക്ഷ കൈവെടിയരുത്. സ്വന്തം കഴിവുകളില്‍ വിശ്വസിക്കുക. നിങ്ങള്‍ അതു മുന്‍പേ തെളിയിച്ചതാണ്. ഒരു അവസരം ലഭിച്ചാല്‍ നിങ്ങള്‍ വീണ്ടും അതു ചെയ്യുമെന്ന് ഉറപ്പാണെന്നും വസീം ജാഫര്‍ വ്യക്തമാക്കി. നേരത്തെ കുല്‍ദീപ് യാദവിനെ ഒഴിവാക്കിയതിനെതിരെ മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീര്‍ മുതല്‍ ഇര്‍ഫാന്‍ പത്താന്‍ വരെയുളള താരങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കുമെന്നു കരുതിയതാണ്. എന്നാല്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേലിനു പരുക്കേറ്റതോടെ ടീമില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ മാനേജ്‌മെന്റ് കൊണ്ടുവരികയായിരുന്നു. വാഷിങ്ടന്‍ സുന്ദറും ഷഹബാദ് നദീമും ടീമിലെത്തി.

ഇന്ത്യയ്ക്കായി 6 ടെസ്റ്റ്, 61 ഏകദിനം, 21 ട്വന്റി20 മത്സരങ്ങള്‍ കളിച്ച താരമാണ് ചൈനാമാന്‍ ബോളറായ കുല്‍ദീപ്. 2017 മാര്‍ച്ചില്‍ ധരംശാലയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണു ടെസ്റ്റില്‍ അരങ്ങേറ്റ മത്സരം കളിച്ചത്. 2019 ജനുവരിയിലാണ് അവസാനമായി ടെസ്റ്റില്‍ കളിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് താരം അവസാനമായി ട്വന്റി20 കളിക്കാനിറങ്ങിയത്.

You Might Also Like