കുല്‍ദീപിനെ എന്തുകൊണ്ട് ടീമിലെടുത്തില്ല, രഹാനെ പറയുന്ന കാരണങ്ങള്‍

Image 3
CricketTeam India

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ ടീമിലെത്തിയത് വലിയ സര്‍പ്രൈസായിരുന്നു. അശ്വിന്റെ അസാന്നിധ്യത്തില്‍ കുല്‍ദീപ് യാദവ് ടീമിലെത്തും എന്ന് പ്രതീക്ഷിച്ചവരെ അമ്പരപ്പിച്ചായിരുന്നു സുന്ദറിനെ രഹാന അവസാന പതിനൊന്നില്‍ ഉള്‍പ്പെടുത്തിയത്.

മത്സരത്തിലെ നിര്‍ണ്ണായക തീരുമാനമായി ഇതു മാറുകയും ഇന്ത്യ ഗാബയില്‍ ഓസ്‌ട്രേലിയയെ അട്ടിമറിക്കുകയും ചെയതു. കുല്‍ദീപിന് പകരം സുന്ദറിനെ ടീമിലെത്തിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കഴിഞ്ഞ ദിവസം രഹാന രംഗത്തെത്തി.

‘അത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു, കാരണം സ്പിന്നറായി കുല്‍ദീപ് ടീമിലുണ്ടായിരുന്നു പ്ലേയിങ് ഇലവനില്‍ അവനും സ്ഥാനമര്‍ഹിച്ചിരുന്നു. എന്നാല്‍ ആ ടെസ്റ്റില്‍ മികച്ച കോമ്പിനേഷന്‍ കണ്ടെത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്. ‘ രഹാനെ പറഞ്ഞു.

‘ പ്ലേയിങ് ഇലവനില്‍ വാഷിങ്ടണ്‍ സുന്ദറെത്താനുള്ള കാരണം അവന്റെ ബാറ്റിങാണ്. അഞ്ച് ബൗളര്‍മാരെ കളിപ്പിക്കുന്നതെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നു അവന്‍ ആ സാധ്യതയും ഞങ്ങള്‍ക്ക് നല്‍കി. അവനൊരു മികച്ച ബാറ്റ്സ്മാനാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു അതവന്‍ തെളിയിക്കുകയും ചെയ്തു. ‘ രഹാനെ കൂട്ടിച്ചേര്‍ത്തു.

നാലാം മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ 62 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 22 റണ്‍സും നേടി ഇന്ത്യയുടെ വിജയത്തില്‍ സുന്ദര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. മത്സരത്തില്‍ നാല് വിക്കറ്റും സുന്ദര്‍ സ്വന്തമാക്കിയിരുന്നു.

അവസരം ലഭിച്ചില്ലയെങ്കിലും കുല്‍ദീപ് യാദവ് തങ്ങളുടെ ടീമിന്റെ നിര്‍ണായക ഘടകമാണെന്നും ഭാവിയില്‍ അവന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നും രഹാനെ പറഞ്ഞു.