ലങ്കയില്‍ തിളങ്ങിയാല്‍ തിരിച്ചുവരവ്, അല്ലെങ്കില്‍ കരിയര്‍ എന്‍ഡ്, നൂല്‍പാലത്തില്‍ ഇന്ത്യന്‍ താരം

Image 3
CricketTeam India

ഇന്ത്യയുടെ ലങ്കന്‍ പര്യടനം ഒട്ടേറെ യുവതാരങ്ങള്‍ സ്വപ്‌ന സമാനമായ അവസരമാണ് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിന്റെ തിരക്കിലായതാണ് യുവനിരയ്ക്ക് അപ്രതീക്ഷിതമായി ലങ്കയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം കൈവന്നത്. ഇതോടെ മത്സരം ഏറെ ആവേശത്തോടെയാണ് ഇന്ത്യന്‍ ആരാധകരും ഉറ്റുനോക്കുന്നത്.

അതെസമയം ചില സീനിയര്‍ താരങ്ങള്‍ക്ക് ഈ മത്സരം ജീവന്മരണ പോരാട്ടമാണ്. ലങ്കയില്‍ കാര്യമായി ഒന്നും ചെയ്യാതെ വന്നാല്‍ ഒരുപക്ഷെ അന്താരാഷ്ട്ര കരിയര്‍ തന്നെ ചിലപ്പോള്‍ അവസാനിച്ചേക്കും.

അത്തരം താരങ്ങളിലൊരാളാണ് ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. തിളങ്ങാന്‍ സാധിക്കാതെ പോയാല്‍ ചിലപ്പോള്‍ ഇനിയൊരു തിരിച്ചുവരവിന് അവസരം ലഭിച്ചേക്കില്ല. ഏറെ നാളായി മോശം ഫോമില്‍ തുടരുന്ന കുല്‍ദീപ് ഇപ്പോള്‍ ശ്രീലങ്കന്‍ പരമ്പരയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

‘ഈ ശ്രീലങ്കന്‍ പര്യടനം വളരെ വളരെ പ്രധാനപ്പെട്ടതാണ്. കാരണങ്ങള്‍ പലതാണ്. അതിലൊന്ന് ഇംഗ്ലണ്ട് പര്യടനത്തില്‍ എനിക്ക് അവസരം ലഭിച്ചില്ലെന്നതാണ്. തിളങ്ങാനും കഴിവ് തെളിയിക്കാനുമുള്ള മികച്ച അവസരമാണ് മുന്നിലുള്ളത്. ഐപിഎല്ലിന്റെ രണ്ടാം പാദവും തിരിച്ചുവരാന്‍ സഹായിക്കുന്ന അവസരമാണ്. മികച്ച പ്രകടനം നടത്തുക എന്നതിന് പകരമായൊന്നും ഇല്ല.

ഞാന്‍ തിളങ്ങിയാല്‍ തിരിച്ചുവരുമെന്ന് എനിക്കറിയാം. ടി20 ലോകകപ്പ് ടീമിലെ ഇടത്തെക്കുറിച്ച് ഇപ്പോള്‍ ഒരുപാട് ചിന്തിക്കുന്നില്ല. എത്രത്തോളം മികച്ച പ്രകടനം നടത്താനാവുമെന്നതാണ് ആലോചിക്കുന്നത്. ശക്തമായ മത്സരമാണ് ടീമിനുള്ളിലുള്ളത്. അതിനാല്‍ എന്താണ് എന്റെ ജോലിയെന്ന് കൃത്യമായി അറിയാം’-കുല്‍ദീപ് യാദവ് പറഞ്ഞു.

നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും മികച്ചൊരു പ്രകടനം നടത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. നിലവില്‍ ഇന്ത്യയുടെ പ്രഥമ പരിഗണനയുള്ള സ്പിന്നര്‍മാരില്‍ കുല്‍ദീപ് യാദവ് ഇല്ല എന്നതാണ് വസ്തുത. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായ കുല്‍ദീപ് ടീമിന് പുറത്താണ്. ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് മടങ്ങിവരവ് പ്രതീക്ഷ കാക്കാന്‍ ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങേണ്ടത് കുല്‍ദീപിന് അത്യാവശ്യമാണ്.