ധോണിയല്ല, കോഹ്ലിയോ, രോഹിതോ? മികച്ച ക്യാപ്റ്റൻ ആരെന്ന് വെളിപ്പെടുത്തി കുൽദീപ് യാദവ്

Image 3
CricketTeam India

2024 ടി20 ലോകകപ്പിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി കുൽദീപ് യാദവ് താൻ കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച ക്യാപ്റ്റൻ ആരെന്ന് വെളിപ്പടുത്തിരിക്കുകയാണ്. രോഹിത് ശർമ്മയെയും, വിരാട് കോഹ്‌ലിയെയുമാണ് താരം മികച്ച ക്യാപ്റ്റന്മാരായി തിരഞ്ഞെടുത്തത്. ഇരുവരുടെ കീഴിലും കളിക്കുന്നത് താൻ വളരെയധികം ആസ്വദിച്ചിരുന്നുവെന്നും, എന്നാൽ ഇരുവരിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നത് അസാധ്യമാണെന്നും കുൽദീപ് പറയുന്നു.

“അന്താരാഷ്ട്ര മത്സരങ്ങളിൽ ഞാൻ കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച ക്യാപ്റ്റൻമാരാണ് വിരാട് ഭായ്, രോഹിത് ഭായ് എന്നിവർ. അവർ ജയ്-വീരു ആണ്, ഒരാളെ തിരഞ്ഞെടുക്കാൻ കഴിയില്ല, രണ്ടുപേരും ഒന്നിനൊന്ന് മെച്ചമാണ്”. – മികച്ച ക്യാപ്റ്റനെക്കുറിച്ച് കുൽദീപ് യാദവിന്റെ അഭിപ്രായം ഇതാണ്.

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനെ നയിച്ചതിൽ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഉൾപ്പെടുന്നു. എംഎസ് ധോണി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം, കോഹ്‌ലി മൂന്ന് ഫോർമാറ്റുകളിലും ചുമതലയേറ്റു, ടീമിനെ പുതിയ ഉയരങ്ങളിലെത്തിക്കാൻ അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്.

ടീമിൽ ഫിറ്റ്‌നസ് സംസ്‌കാരം വളർത്തുന്നതിൽ വിരാട് കോഹ്‌ലി വഹിച്ച പങ്ക് വളരെ വലുതാണ്. മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യ ആധിപത്യം സ്ഥാപിച്ചത് അദ്ദേഹത്തിൻറെ നായകത്വത്തിലാണ്. കോഹ്‌ലിയുടെ നേതൃത്വത്തിൽ, ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയ്ക്ക് പുറത്ത് ഗെയിമുകൾ വിജയിക്കാൻ തുടങ്ങി, ലോകത്തിലെ ഏറ്റവും മികച്ച ടൂറിംഗ് ടീമുകളിൽ ഒന്നായി ഇന്ത്യ കണക്കാക്കപ്പെട്ടു.

വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയിൽ ആദ്യമായി ടെസ്റ്റ് പരമ്പര വിജയിച്ചു, വിദേശ സാഹചര്യങ്ങളിൽ എങ്ങനെ വിജയിക്കാമെന്ന് ടീമിന് വഴികാട്ടിയത് കോഹ്ലിയാണ്. 2017-ൽ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിലേക്കും 2019-ലെ ഐസിസി ലോകകപ്പിന്റെ സെമി ഫൈനലിലേക്കും 2021-ലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കും അദ്ദേഹം ടീമിനെ നയിച്ചു.

2021 ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്‌ലി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിന്മാറി, അതിന് ശേഷം രോഹിത് ശർമ്മ യുഗം ആരംഭിച്ചു. എംഎസ് ധോണിയും കോഹ്‌ലിയും അവശേഷിപ്പിച്ച പാരമ്പര്യം താൻ വഹിക്കുന്നുണ്ടെന്ന് രോഹിത് ഉറപ്പാക്കി, എല്ലാ ഫോർമാറ്റുകളിലും ടീമിന്റെ ആധിപത്യം തുടർന്നു.

കളിക്കാരിൽ നിർഭയമായ മനോഭാവം വളർത്തിയെടുത്ത രോഹിത്, എല്ലാവരോടും ആക്രമണാത്മക ക്രിക്കറ്റ് കളിക്കാൻ ആവശ്യപ്പെട്ടു. 2022 ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്കും 2023 ലോകകപ്പിന്റെ ഫൈനലിലേക്കും 2023-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്കും അദ്ദേഹം ടീമിനെ നയിച്ചു. നടന്നുകൊണ്ടിരിക്കുന്ന 2024 ടി20 ലോകകപ്പിലും രോഹിത്തിന്റെ ക്യാപ്റ്റൻസി എല്ലാവരാലും പുകഴ്ത്തപ്പെടുന്നു.